തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ എയ്‌ഡഡ് മേഖലയില്‍ പുതുതായി സ്‌കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് കേരള സിലബസിലുള്ള സര്‍ക്കാര്‍-എയ്‌ഡഡ് സ്‌കൂളുകള്‍ക്കു പുറമേ കേരള സിലബസിലുള്ള അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍, സിബിഎസ്ഇ സ്‌കൂളുകള്‍, ഐസിഎസ്ഇ സ്‌കൂളുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്കിഷ്‌ടമുള്ള സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിനുള്ള സൗകര്യവുമുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഈ സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്‌ഡഡ് മേഖലയില്‍ പുതുതായി സ്‌കൂളുകളോ നിലവിലെ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയോ വേണ്ടെന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പുതുതായി സ്‌കൂളുകള്‍ തുടങ്ങുകയോ നിലവിലുള്ളവ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്യുന്നതുകൊണ്ട് മറ്റ് സ്‌കൂളുകള്‍ അടച്ചു പൂട്ടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. മാത്രമല്ല പുതുതായി സ്‌കൂള്‍ തുടങ്ങുന്നതിലൂടെ സര്‍ക്കാരിനുണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും പരിഗണിക്കേണ്ടതുണ്ട്, വി ശിവന്‍കുട്ടി അറിയിച്ചു.
നിലവിലെ ഒരു സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്‌താല്‍ സമാന ആവശ്യവുമായി മറ്റു സ്‌കൂളുകള്‍ രംഗത്തെത്തുന്ന സ്ഥിതിയും ഉണ്ടാകും. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഏതെങ്കിലും വകുപ്പ് മാത്രം അടിസ്ഥാനമാക്കി സ്‌കൂളുകള്‍ തുടങ്ങാനോ അപ്‌ഗ്രേഡ് ചെയ്യാനോ കഴിയില്ല. പുതിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി രൂപീകരിക്കുന്ന വിശാല പൊതു നയത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ പുതുതായി സ്‌കൂളുകള്‍ ആരംഭിക്കാനോ അപ്‌ഗ്രേഡ് ചെയ്യാനോ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
മഞ്ചേരി പുല്ലൂര്‍ യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാശ്യപ്പെട്ട് മഞ്ചേരി എം.എല്‍.എ യു.എ ലത്തീഫ് നോട്ടിസ് നല്‍കിയ സബ്‌മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുല്ലൂര്‍ യുപി സ്‌കൂളിന് കെ.ഇ.ആര്‍ പ്രകാരം ഹൈസ്‌കൂളിന് ആവശ്യമായ ഭൂമി ഇല്ലെന്നും സ്‌കൂളിനോട് ചേര്‍ന്ന് അഞ്ച് കിലോമീറ്ററിനുള്ളില്‍ ആറ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ പുല്ലൂര്‍ യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ കഴിയില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.