തിരുവനന്തപുരം: മൊബൈല്‍ ഫോണിലെ പഠനം വേണ്ടെന്നും കൂട്ടുകാരേയും അധ്യാപകരേയും കാണണമെന്നും പറഞ്ഞ് കരഞ്ഞ കുഞ്ഞിനെ നേരിട്ട് വിളിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വീഡിയോ കോളിലാണ് വിദ്യാഭ്യാസ മന്ത്രി കുട്ടിയെ വിളിച്ചത്.
വയനാട്ടിലെ യുകെജി വിദ്യാര്‍ഥിനി തന്‍ഹ ഫാത്തിമയെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ മടുത്തുവെന്ന് പരാതി പറഞ്ഞ് കരഞ്ഞത്. തന്‍ഹ ഫാത്തിമയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട മന്ത്രി കുട്ടിയെ വിളിക്കുകയായിരുന്നു.
സ്കൂള്‍ നവംബറില്‍ തുറക്കുമെന്ന ഉറപ്പും മന്ത്രി തന്‍ഹ ഫാത്തിമക്ക് നല്‍കി. ആരാണെന്ന് മനസിലായോ എന്ന ചോദ്യത്തിന് തന്‍ഹ ഫാത്തിമയുടെ മറുപടി മന്ത്രി സാര്‍ എന്നായിരുന്നു. എന്നാല്‍ മന്ത്രി അത് തിരുത്തി വിദ്യഭ്യാസമന്ത്രി അപ്പൂപ്പന്‍ എന്നാക്കി. വീഡിയോ കോളിന്‍റെ രസകരമായ വീഡിയോ മന്ത്രി സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസമന്ത്രിയുടെ കുറിപ്പ്:-
'ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല..' വയനാട്ടിലെ യുകെജി വിദ്യാര്‍ഥിനിയെ വീഡിയോ കോളില്‍ വിളിച്ചു ; സ്‌കൂള്‍ വേഗം തുറക്കണം എന്നാണ് കുഞ്ഞാവയുടെ ആവശ്യം. വീടിന്‍റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി വീര്‍പ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്‌കൂളില്‍ യുകെജിയില്‍ പഠിക്കുന്ന കുഞ്ഞാവ എന്ന തന്‍ഹ ഫാത്തിമയുടെ വീഡിയോ വൈറല്‍ ആയിരുന്നു. അത് ഫേസ്ബുക്ക് പേജില്‍ ഞാന്‍ പങ്കുവെച്ചിരുന്നു. കുഞ്ഞാവയെ കണ്ടെത്തി വീഡിയോ കോള്‍ ചെയ്തു.
സ്‌കൂള്‍ ഉടന്‍ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന കാര്യം കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാന്‍ ആകുന്നില്ല എന്നും ടീച്ചര്‍മാരുമായി നേരില്‍ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ പങ്കുവച്ചു. തനിക്ക് സ്‌കൂള്‍ തന്നെ കാണാന്‍ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് കുഞ്ഞാവയെ ആശ്വസിപ്പിച്ചു.
വയനാട്ടില്‍ വരുമ്പോള്‍ തന്നെ നേരില്‍ കാണുവാന്‍ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും അംഗീകരിച്ചു. കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തില്‍ വലിയ മാനസിക സമ്മര്‍ദമാണ് കുട്ടികള്‍ അനുഭവിക്കുന്നത്.
മാനസികോല്ലാസത്തോടെ പഠന പാതയില്‍ കുട്ടികളെ നിലനിര്‍ത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കൂടുതല്‍ വായനക്ക്: പ്ലസ്‌വണ്‍ പ്രവേശനത്തിന്‍റെ ആദ്യഘട്ട അലോട്ട്മെന്‍റ് പട്ടിക ഇന്ന്