തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിഷേധിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ വിദ്യാഭ്യാസ അവകാശനിയമം 2009ല്‍ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാന്‍ പാടില്ല. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് ടിസി ഇല്ല എന്നുള്ളത് ഒരു തടസമല്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: മഞ്ചേശ്വരം കോഴക്കേസ്: ബാങ്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ കണ്ടെത്തി
സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടര്‍ച്ച ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകള്‍ക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായും ഒമ്പത്, പത്ത് ക്ലാസുകാര്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്. ടി.സി ലഭിക്കാത്ത കുട്ടികളുടെ യുഐഡി പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് മാറ്റാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ചില അണ്‍ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിര്‍ബന്ധമായും നല്‍കണമെന്നും മന്ത്രി അറിയിച്ചു.