തിരുവനന്തപുരം : നവകേരളം ലക്ഷ്യംവച്ചുള്ള ബജറ്റെങ്കിലും പ്രായോഗികത സർക്കാർ ഉറപ്പുവരുത്തണമെന്ന് സാമ്പത്തിക വിദഗ്‌ധ ഡോ. ക്രിസ്റ്റ ബെൽ പി.ജെ. പുതിയ മേഖലകളിലേക്ക് ബജറ്റ് കടന്നിട്ടുണ്ട്. ഗവേഷണം പോലെ വളരാൻ സാധിക്കും എന്ന് കരുതുന്ന മേഖലകളിലേക്കുള്ള ചുവടുവയ്‌പ്പ് പ്രതീക്ഷ നൽകുന്നതാണെന്നും ക്രിസ്റ്റ ബെൽ പറഞ്ഞു
തൊഴിലവസരങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഫലം കാണണമെങ്കിൽ തൊഴിൽ സൗഹൃദ അന്തരീക്ഷം ഇവിടെയുണ്ടാകണം. എങ്കിലേ ഉദ്യോഗാർഥികൾ ഇവിടെ നിൽക്കൂ. നിലവിലുള്ള വിദ്യാർഥികൾ ഉദ്യോഗാർഥികളാകുമ്പോഴേക്കും മൂന്നോ നാലോ വർഷം കഴിയും. ആ സമയത്തെ തൊഴിൽ പരിസ്ഥിതി കണക്കിലെടുത്തുള്ള ആസൂത്രണം ഉണ്ടാകണം.
തൊഴിൽ ദാതാക്കളുമായി ഉദ്യോഗാർഥികളെ ബന്ധിപ്പിക്കാൻ ശ്രമമുണ്ടാകണം. തൊഴിൽദാതാക്കൾക്ക് ആവശ്യമുള്ള യോഗ്യതകൾ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കാനും സാധിക്കണം. സംരംഭകത്വമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും യോഗ്യതയും സംരംഭകത്വ അന്തരീക്ഷവും പ്രധാനമാണ്. അപ്പോൾ മാത്രമേ വിജ്ഞാനാധിഷ്‌ഠിത സമ്പദ് വ്യവസ്ഥ എന്ന പരീക്ഷണത്തിന് വിജയ സാധ്യതയുള്ളൂവെന്നും ക്രിസ്റ്റ ബെൽ വ്യക്തമാക്കി.
നികുതി മേഖലകളിൽ പുതിയ നിർദേശങ്ങളില്ല. ഉള്ള നികുതി സ്രോതസുകളിൽ നിന്ന് കൂടുതൽ ഊറ്റിയെടുക്കുകയാണ്. അതേസമയം ഹരിത നികുതി പ്രതീക്ഷ നൽകുന്നുണ്ട്. ഭൂനികുതി വർധിപ്പിക്കുന്നതും ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നതും ആ മേഖലയിൽ നിന്നുള്ള വരുമാനം ഉയർത്തും.
എന്നാൽ പാവപ്പെട്ട മനുഷ്യർക്ക് വസ്‌തു വാങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. സമീപഭാവിയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിലും വ്യക്തമായ ആസൂത്രണമുണ്ടെങ്കിൽ വിദൂരഭാവിയിൽ ബജറ്റ് ഗുണം ചെയ്തേക്കുമെന്നും ഡോ.ക്രിസ്റ്റ ബെൽ ഇടിവി ഭാരതിനോട് പറഞ്ഞു.