തിരുവനന്തപുരം: കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും സാമ്പത്തിക വളര്‍ച്ചയില്‍ കേരളം ദേശീയ ശരാശരിക്കും മുന്നിലെന്ന് ബജറ്റിന് മുന്നോടിയായി ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയുടെ മേശപ്പുറത്ത് വച്ച സാമ്പത്തിക അവലോക റിപ്പോര്‍ട്ട്. ആകെ ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 7.3 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.5 ശതമാനമായി വര്‍ധിച്ചതായി അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1.48 ലക്ഷം രൂപയാണ് കേരളത്തിന്റെ ആളോഹരി വരുമാനം. എന്നാല്‍ ദേശീയതലത്തില്‍ ഇത് 93,655 രൂപ മാത്രമാണ്. രാജ്യത്ത് ആളോഹരി വരുമാനം ഏറ്റവും കൂടതലുള്ള ഹരിയാന, ഗുജറാത്ത്, കര്‍ണാടക, മാഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയ്‌ക്കൊപ്പമാണ് കേരളവും എത്തിയിരിക്കുന്നതെന്നാണ് സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്.
2017ലെ ഓഖി ചുഴലിക്കാറ്റും 2018, 2019 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ നാട്ടിലേക്കു മടങ്ങിയതും തിരിച്ചടിയായി. ഈ തിരിച്ചടികള്‍ക്കിടയിലും 6.8 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി അവലോകന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. റവന്യൂ വരുമാന വര്‍ധന 16.12ല്‍ നിന്ന് 11.85 ശതമാനമായി കുറഞ്ഞു. ജി.എസ്.ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 68.14ല്‍ നിന്ന് 54.54 ആയി കുറഞ്ഞു. ലോട്ടറിയില്‍ നിന്നുള്ള വരുമാനം 9246.22 കോടിയായി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ പൊതു കടം 2.35 ലക്ഷം കോടിയാണെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.