തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക മേഖലയിലെ വളർച്ച നിരക്ക് ദേശീയ വളർച്ച നിരക്കിനേക്കാൾ മുന്നിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2020-21ൽ 0.24 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്. 2021-22 വര്‍ഷത്തില്‍ ദേശീയ വളര്‍ച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന് 4.64 ശതമാനമായതായും റിപ്പോർട്ടിൽ പറയുന്നു. 2021-22 വര്‍ഷത്തെ ദ്രുത കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്തിന്‍റെ ആകെ മൂല്യ വര്‍ധനവില്‍ കൃഷി അനുബന്ധ മേഖലകളുടെ വിഹിതം 11.28 ശതമാനമായിരുന്നു.
ഓഖി ചുഴലിക്കാറ്റ് (2017), പ്രളയം (2018), കൊവിഡ് എന്നിവയുടെ പശ്ചാത്തലത്തിൽ 13-ാം പഞ്ചവത്സരപദ്ധതി കാലയളവില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ പ്രകടനത്തെ സാരമായി ബാധിച്ചു. 2017-18 ല്‍, 2.11 ശതമാനത്തിലെത്തിയ വളര്‍ച്ച നിരക്ക് പിന്നീടുള്ള രണ്ടു വര്‍ഷങ്ങളിലും കുറഞ്ഞ് നെഗറ്റീവ് നിരക്കിലേക്കായി. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വളര്‍ച്ച നിരക്കില്‍ പുരോഗതി രേഖപ്പെടുത്തിയെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
ഉത്‌പാദനക്ഷമത വര്‍ധിപ്പിക്കുക മാത്രമാണ് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ഏക മാര്‍ഗം. ശാസ്‌ത്രീയ ഉല്‍പാദനോപാദികളും കൃഷി മുറകളും അടിസ്ഥാനമാക്കിയ കാര്‍ഷിക ആധുനികവത്‌ക്കരണത്തിനാണ് ഈ സന്ദര്‍ഭത്തില്‍ ഊന്നല്‍ നല്‍കേണ്ടത്. കാര്‍ഷിക വായ്‌പ സൗകര്യങ്ങള്‍, വിള ഇന്‍ഷുറന്‍സ് പരിരക്ഷ, വില സ്ഥിരതയ്‌ക്ക് വിപണി ഇടപെടല്‍, കര്‍ഷക പെന്‍ഷന്‍ എന്നിവയായിരുന്നു സംസ്ഥാനം പിന്തുണച്ച കര്‍ഷകക്ഷേമ പരിപാടികൾ.
നാളികേരം: നാളികേര കൃഷി 2021-22 ല്‍ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും യഥാക്രമം 5,535 ദശലക്ഷം നാളികേരവും, ഹെക്‌ടറിന് 7,231 നാളികേരവുമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്‌പാദനവും ഉത്‌പാദനക്ഷമതയും യഥാക്രമം 15.6 ശതമാനവും 16 ശതമാനവും വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്തെ നാളികേര മേഖലയുടെ പ്രകടനം ഏറിയും കുറഞ്ഞുമായിരുന്നു.
2017-18 നെ അപേക്ഷിച്ച് കൃഷി വിസ്‌തൃതി, ഉത്‌പാദനം, ഉത്‌പാദനക്ഷമത എന്നിവ യഥാക്രമം 0.65 ശതമാനം, 5.83 ശതമാനം, 5.13 ശതമാനം എന്നിങ്ങനെ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കുരുമുളക്: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 2020-21 നെ അപേക്ഷിച്ച് 2021-22 ല്‍ സംസ്ഥാനത്തെ കുരുമുളക് ഉത്‌പാദനത്തിലും വിസ്‌തൃതിയിലും കുറവു രേഖപ്പെടുത്തി. കുരുമുളകിന്‍റെ ഉത്‌പാദനം 3.2 ശതമാനം കുറഞ്ഞ് 32,516 ടണ്ണായി രേഖപ്പെടുത്തി. 76,351 ഹെക്‌ടര്‍ പ്രദേശത്താണ് കുരുമുളക് കൃഷി നടത്തിയത്.
എന്നാല്‍ ഈ കാലയളവില്‍ ഉത്‌പാദനക്ഷമത ഹെക്‌ടറിന് 409 കിലോഗ്രാം എന്നതില്‍ നിന്നും 429 കിലോഗ്രാമായി വർധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020ല്‍ കിലോയ്‌ക്ക് 697.69 രൂപയില്‍ നിന്നും 336.47 രൂപയായി വില കുറഞ്ഞു. എന്നാല്‍ 2021 ല്‍ കുരുമുളക് വില കിലോയ്‌ക്ക് 419.44 രൂപയായി വർധിച്ചു.
കശുവണ്ടി: കശുവണ്ടി, കൊക്കോ വികസന ഡയറക്‌ടറേറ്റിന്‍റെ കണക്കുകള്‍ പ്രകാരം 2021-22ല്‍ രാജ്യത്ത് അസംസ്‌കൃത കശുവണ്ടിയുടെ ഉത്‌പാദനം 7.52 ലക്ഷം ടണ്ണായിരുന്നു. ഇത് 2020-21 നെ അപേക്ഷിച്ച് 14,000 ടണ്ണിന്‍റെ വര്‍ധനവാണ് കാണിക്കുന്നത്. ഈ കാലയളവില്‍ കശുവണ്ടിയുടെ കൃഷി സ്ഥലത്തിന്‍റെ വിസ്‌തൃതി നാല് ശതമാനം വര്‍ധിച്ച് 11.84 ലക്ഷം ഹെക്‌ടറിലെത്തി.
2021-22ല്‍ അവസാനിക്കുന്ന കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കശുവണ്ടി കൃഷിയുടെ വ്യാപ്‌തിയില്‍ ക്രമാനുഗതമായ വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
റബ്ബർ: 2020-21 നെ അപേക്ഷിച്ച് സംസ്ഥാനത്തെ റബ്ബര്‍ ഉത്‌പാദനം 7.1 ശതമാനം വര്‍ധിച്ച് 5.57 ലക്ഷം ടണ്ണായി. എന്നാൽ കൃഷി വിസ്‌തൃതി 5.5 ലക്ഷം ഹെക്‌ടറായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റബ്ബറിന്‍റെ ഉത്‌പാദനക്ഷമത ഹെക്‌ടറിന് 1,534 കിലോഗ്രാമിൽ നിന്നും 1565 കിലോഗ്രാമായി വര്‍ധിച്ചുവെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭയിൽ ഇന്ന് സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ച വ്യക്തമാക്കുന്നത്.