തിരുവനന്തപുരം: മുഖ്യമന്ത്രിയെ ചെത്തുകാരന്‍റെ മകനെന്ന് പരാമർശിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ ഡി.വൈ.എഫ്.ഐ. സംഘപരിവാർ മനസിന്‍റെ തെളിവാണ് കെ സുധാകരൻ എംപിയുടെ പരാമർശമെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
കോൺഗ്രസിനെ ഇന്ന് നയിക്കുന്നത് മനുസ്‌മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്‍റെ ആശയങ്ങളാണ്. കെ.സുധാകരന്‍റെ വ്യക്തിപരമായ ജല്‌പനമായി പരാമർശത്തെ ചുരുക്കേണ്ടതില്ലെന്നും വിഷം വമിക്കുന്ന ജാതിബോധമാണ് കോൺഗ്രസിനെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. മനുഷ്യരെ തൊഴിലിന്‍റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം കാണുന്ന മാനസികരോഗമാണ് കോൺഗ്രസിനെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.