തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്‍റ് ഹൗസിനുള്ളില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ നടപടി തെറ്റെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. പ്രതിഷേധമാകാം, എന്നാല്‍ വസതിയിലേക്കു തള്ളിക്കയറിയുള്ള പ്രതിഷേധം ശരിയല്ല. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന കലാപത്തിന്‍റെ സൂത്രധാരന്‍ സതീശനായതിനാലാണ് പ്രതിഷേധം കനത്തത്.
എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയതായും ജയരാജന്‍ പറഞ്ഞു. ആയുധവുമായി കൊല്ലാനായി പ്രതിഷേധക്കാരെത്തിയെന്ന് സതീശന്‍ പറയുന്നത് വിശ്വസിക്കേണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സതീശന്‍ ലീഡറായിരിക്കുകയാണ്. ലീഡര്‍ക്ക് എന്തും പറയാം എന്നാണ് സതീശന്‍ കരുതുന്നതെന്നും ജയരാജന്‍ പറഞ്ഞു.
20 തവണ സ്വര്‍ണം കടത്തിയ പ്രതിയായ സ്വപ്‌ന സുരേഷിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇടതുപക്ഷത്തെ ആക്രമിക്കുന്നത്. തൃക്കാക്കരയില്‍ ഉടലെടുത്ത കോണ്‍ഗ്രസ് ജമാഅത്തെ ഇസ്‌ലാമി, എസ്‌ഡിപിഐ, ആര്‍എസ്എസ് കൂട്ടുക്കെട്ടാണ് ഇപ്പോഴത്തെ അക്രമ സമര കോലാഹലം നടത്തുന്നതെന്നും ജയരാജന്‍ ആരോപിച്ചു.
Also Read: വിമാനത്തില്‍ വച്ച് വധിക്കാൻ ശ്രമിച്ചു: ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി