തിരുവനന്തപുരം: മഹ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പ്.
മഹ ചുഴിക്കാറ്റ് വീശിയടിക്കുന്ന ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്തിന് 3360 കിലോമീറ്റര്‍ അകലെയാണ് മഹ ചുഴിക്കാറ്റ് നിലവില്‍ കടന്നു പോകുന്നത്. ഇതെ തുടർന്ന് കേരളത്തിലെ തീരമേഖലകളില്‍ 60 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടം. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാകാന്‍ സാധ്യത. അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റ് കേരള, കര്‍ണാടക, മഹാരാഷ്ട്ര തീരങ്ങള്‍ക്ക് സമീപത്ത് കൂടി കടന്നുപോകും. സംസ്ഥാനത്തെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് കടല്‍ പ്രക്ഷുബ്ദ്ധമാണ്. 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെയും തൃശൂരിലെ ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെയും പ്രൊഫഷണല്‍ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.