തിരുവനന്തപുരം : ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തിക്കൊടുത്ത് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റില്‍. പാലാ മീനച്ചിൽ പാലാക്കാട് സതീ മന്ദിരം വീട്ടിൽ ആശാ സുരേഷാണ് (36) പിടിയിലായത്. ഭർത്താവ് സതീഷിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്.
2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം 2008 മുതൽ മുരിക്കും പുഴയിലെ ഭാര്യവീട്ടിൽ ഇരുവരും താമസമാക്കുകയും ചെയ്തു. സ്വന്തമായി ഐസ്‌ക്രീം ഡിസ്ട്രിബ്യൂഷൻ എടുത്ത് ഭാര്യയോടൊപ്പം താമസിക്കുകയായിരുന്നു യുവാവ്. ഇതിനിടെ ബിസിനസ് വികസിച്ചതോടെ ഇരുവരും മറ്റൊരു വീട് വാങ്ങിയ ശേഷം താമസം പാലക്കാട്ടേയ്ക്ക് മാറ്റി.
Also Read: മുറിയടച്ച് വിവസ്‌ത്രയാക്കി നിരന്തരം മർദനം; നാലാം ക്ലാസുകാരിക്ക് ട്യൂഷൻ അധ്യാപികയുടെ ചൂരൽ പ്രയോഗം
എന്നാൽ, വിവാഹം കഴിഞ്ഞ സമയം മുതൽ തന്നെ ഭാര്യ നിസാര കാര്യങ്ങളെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നതായി ഭർത്താവ് പറയുന്നു. എന്നാൽ, പാലക്കാട്ടെ വീട്ടിൽ താമസിക്കുന്നതിനിടെ യുവാവിന് തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടുവന്നു. ഇതേ തുടർന്ന് നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ഷുഗർ താഴ്ന്ന് പോകുന്നതാണെന്ന് കണ്ടെത്തി. എന്നാൽ, 2021 സെപ്റ്റംബറിൽ 20 ദിവസത്തോളം വീട്ടിൽ നിന്നും മാറി നിന്ന് ഭക്ഷണം കഴിച്ചതാണ് കേസിൽ ഏറെ നിർണായക സംശയങ്ങൾക്ക് ഇടയാക്കിയത്.
തുടർന്ന് ഭർത്താവ് ഭാര്യയുടെ കൂട്ടുകാരിയുമായി സംസാരിച്ചു. തനിക്ക് ഏതെങ്കിലും മരുന്നുകൾ ഭാര്യ നൽകുന്നുണ്ടോ എന്ന് ചോദിച്ചറിയണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടുകാരി തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് മൂന്ന് നേരവും ഭക്ഷണത്തിലും വെള്ളത്തിലും കലർത്തി നൽകിയിരുന്നതായി വെളിപ്പെടുത്തിയത്.
യുവതി കൂട്ടുകാരിയ്ക്ക് ഈ മരുന്നിന്റെ ഫോട്ടോ അയച്ച് നൽകുകയും ചെയ്തു. ഭർത്താവ് സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച പരാതി തുടർ അന്വേഷണത്തിനായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് അയച്ച് നൽകി. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. വീട് റെയ്‌ഡ് ചെയ്ത് മരുന്നുകൾ പിടിച്ചെടുത്ത് യുവതിയെ അറസ്റ്റ് ചെയ്‌തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.