തിരുവനന്തപുരം : ഹാഷിഷ് ഓയിൽ കടത്തി വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. നെടുമങ്ങാട് തൊളിക്കോട് അജിത് വിലാസത്തിൽ അജിത്, തെന്നൂർ സ്വദേശി മേക്കിൻകര പുത്തൻവീട്ടിൽ ആഷിക് , ആനാട് മന്നൂർക്കോണം അസിം മൻസിലിൽ അസീം എന്നിവരാണ് പ്രതികൾ.
മൂവരെയും കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്‌ജ് എ.എസ്.മല്ലികയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.
2018 ഡിസംബർ 10 നാണ് കേസിനാസ്പദമായ സംഭവം.തിരുവനന്തപുരം ആക്കുളം ഭാഗത്ത് വച്ചാണ് പ്രതികളെ ഹാഷിഷ് ഓയിലുമായി പിടികൂടുന്നത്.
Also read: കുത്തകപ്പാട്ടഭൂമിയിലെ മരംമുറി : വനംവകുപ്പ് ഉത്തരവില്‍ വലഞ്ഞ് കര്‍ഷകര്‍
കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുള്ളതും, ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ മാരക മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത് എന്നാണ് വിചാരണാവേളയിൽ തെളിഞ്ഞത്. പ്രതികളുടെ പക്കൽ നിന്നും 1.340 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്.
തിരുവനന്തപുരം എക്‌സൈസ് സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന സാധനങ്ങൾ പ്രതികൾ ജില്ലയിലെ സ്‌കൂൾ,കോളജ് വിദ്യാർഥികൾക്ക് എത്തിക്കുന്നതായാണ് എക്‌സൈസിന്‍റെ കണ്ടെത്തൽ.