തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്താണ് കരകുളം ഗ്രാമപഞ്ചായത്ത്. വേനൽ ചൂട് കനത്തതോടെ നഗരത്തിൽ നിന്നും ഏകദേശം 11 കിലോമീറ്ററോളം മാറിയുള്ള കരകുളം ഗ്രാമപഞ്ചായത്തിലെ മരുതൂർ ഭാഗത്ത് 100 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമൊടുകയാണ്. മരുതൂർ അരുവിയോട് ഭാഗത്താണ് രൂക്ഷമായ കുടിവെള്ള പ്രശ്‌നമുള്ളത്.
പ്രദേശത്ത് ചുരുക്കം വീടുകളിലെ കിണർ സൗകര്യമുള്ളൂ. കിണറ്റിലെ വെള്ളം പരസ്‌പരം പങ്കുവച്ചയിരുന്നു ഇവർ കഴിഞ്ഞിരുന്നത്. വേനൽ കടുത്തത്തോടെ കിണറുകളിൽ വെള്ളത്തിന്‍റെ അളവു കുറഞ്ഞു. ജല ജീവൻ മിഷൻ വഴിയുള്ള പൈപ്പ് കണക്ഷനിൽ വെള്ളമെത്തുന്നുമില്ല.
ആഴ്‌ചയിൽ രണ്ട് ദിവസം മാത്രമാണ് പൈപ്പിലൂടെ ഇവിടെ വെള്ളം ലഭിക്കുന്നത്. പലപ്പോഴും അർധരാത്രിയോടെ ലഭിക്കുന്ന വെള്ളം പാത്രങ്ങളിലും ടാങ്കുകളിലും ശേഖരിക്കാൻ എല്ലാ ദിവസവും ഉറക്കമൊഴിഞ്ഞ് കത്തിരിക്കുകയാണ് ഇവിടുത്തുകാർ. 100 ഓളം കുടുംബങ്ങൾക്കുമായി ആകെ മൂന്ന് പൊതുടാപ്പുകളാണ് പ്രദേശത്തുള്ളത്.
പൊതുടാപ്പുകളിലും വെള്ളത്തിന്‍റെ ലഭ്യത ഇതേ രീതിയിൽ തന്നെ. അരുവിക്കര ഡാമിൽ നിന്നുമെത്തുന്ന വെള്ളം കല്ലയം വാട്ടർ ടാങ്കിൽ ശേഖരിച്ച ശേഷമാണ് പ്രദേശത്തേക്ക് എത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ ജല ജീവൻ മിഷൻ വഴി നിരവധി വീടുകളിൽ ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. വീടുകളിൽ നേരിട്ട് വെള്ളം ലഭ്യമാക്കാൻ കണക്ഷൻ നൽകിയെന്ന് പറഞ്ഞാണ് പഞ്ചായത്ത് പൊതുടാപ്പുകളുടെ എണ്ണം വെട്ടിക്കുറച്ചത്.
കരകുളം പഞ്ചായത്തിൽ കുടിവെള്ള പ്രശ്‌നം നേരിടുന്ന നിരവധി പ്രദേശങ്ങളിൽ ഒന്ന് മാത്രമാണ് അരുവിയോട്. എന്നാൽ ടാങ്കർ വഴി വെള്ളം വിതരണം ചെയ്യാനുള്ള സംവിധാനവും പഞ്ചായത്ത് ഒരുക്കിയിട്ടിലെന്ന പരാതിയാണ് നാട്ടുകാർ ഉയർത്തുന്നത്. ടാപ്പുകളുടെ എണ്ണം വർധിച്ചു എങ്കിലും കല്ലയത്തെ ടാങ്കിൽ സംഭരണ ശേഷി കുറവായതാണ് ഉയരം കൂടിയ പ്രദേശങ്ങളിൽ വെള്ളത്തിന്‍റെ ലഭ്യത കുറയാൻ കാരണമെന്നാണ് വാർഡ് മെമ്പർ പറയുന്നത്.
സംഭരണ ശേഷി പരിഹരിക്കാനായി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കല്ലയത്തും മയിലാടുംപാറയിലും കാച്ചാണിയിലും സംഭരണ ടാങ്കുകൾ നിർമാണത്തിലാണ്. ടാങ്ക് നിർമാണം പൂർത്തിയാകുന്നതോടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്നാണ് കരകുളം പഞ്ചായത്ത് ഭരണപക്ഷമായ സിപിഎം വാർഡ് മെമ്പർ ആശ സന്ധ്യയുടെ വിശദീകരണം.