തിരുവനന്തപുരം: സംസ്ഥാനത്ത് ശുദ്ധജല നിരക്ക് വർധിപ്പിക്കാൻ ആലോചന. ജല അതോറിറ്റിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അടുത്ത സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ നിരക്ക് കൂട്ടിയേക്കും. പ്രതിമാസം 35 കോടി രൂപയുടെ നഷ്ടമാണ് ജലഅതോറിറ്റിക്കുള്ളത്. 102 കോടി രൂപ ചെലവാകുമ്പോൾ 67 കോടി രൂപ മാത്രമാണ് ഉപഭോക്താക്കളിൽ നിന്നും പിരിഞ്ഞു കിട്ടുന്നത്.
ശമ്പളം, പെൻഷൻ, വൈദ്യുതിചാർജ് ഇനങ്ങളിലായി നൽകാനുള്ള തുക ഉൾപ്പെടെ 1800 കോടി രൂപയുടെ അധിക ബാധ്യതയും ഉണ്ട്. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധിപ്പിക്കണമെന്നും ഓരോ വർഷവും നിരക്ക് അഞ്ച് ശതമാനം കൂട്ടണമെന്നും സർക്കാർ ഫെബ്രുവരിയിൽ ഉത്തരവിട്ടെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടപ്പാക്കുന്നത് തടയുകയായിരുന്നു. 2014ലാണ് സംസ്ഥാനത്ത് ഇതിനുമുമ്പ് വെള്ളത്തിന്‍റെ നിരക്ക് വർധിപ്പിച്ചത്.
ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിന് നിലവിൽ നാല് രൂപയാണ് മിനിമം നിരക്ക്. രണ്ടര ഇരട്ടി ആക്കിയാൽ ഇത് പത്ത് രൂപയാകും. 10000 മുതൽ 15000 ലിറ്റർ വരെ പ്രതിമാസ ഉപയോഗത്തിന് നിലവിൽ മിനിമം നിരക്കായ 40 രൂപയ്ക്ക് പുറമേ അധികമായി വരുന്ന ഓരോ ആയിരം ലിറ്ററിന് അഞ്ചു രൂപയും ഉപഭോക്താവ് നൽകുന്നുണ്ട്. പുതിയ നിരക്ക് വരുമ്പോൾ മിനിമം നിരക്ക് 100 രൂപയും അധികമായുള്ള ഓരോ 1000ലിറ്ററിന് 12.50 രൂപയും നൽകണം.