തിരുവനന്തപുരം: റോഡിലേക്ക് ഒഴുകിവരുന്ന മലിനജലത്താൽ പൊറുതിമുട്ടുകയാണ് തലസ്ഥാന നഗരിയിലെ വഴിയാത്രക്കാരും കച്ചവടക്കാരും. മഴ പെയ്യുമ്പോൾ ഡ്രെയിനേജ് പൈപ്പ് നിറഞ്ഞ് പുറത്തേക്ക് വരുന്ന വെള്ളത്തിന്‍റെ ദുർഗന്ധവും കൊതുക് ശല്യവും യാത്രക്കാർക്ക് വൻ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. തിരുവനന്തപുരം വാൻ റോസ് ജംഗ്ഷനിലാണ് ഈ ദുരിതം.
ഏകദേശം ഒരാഴ്‌ചയ്ക്ക് മുകളിലായി ഇവിടെ നടക്കുന്ന ഡ്രെയിനേജ് പണി ഇഴഞ്ഞ് നീങ്ങുകയാണ്. വഴിയാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന് പുറമേ കൊതുജന്യരോഗങ്ങൾ അടക്കം ഉണ്ടാവാനും പകരാനും ഇത് കാരണമാകുന്നു. സെക്രട്ടേറിയറ്റിൻ്റെ അടുത്ത് നിന്നും ഏകദേശം 100 മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
തലസ്ഥാനത്ത് തന്നെ നിരവധി ഇടങ്ങളിലാണ് ഇതുപോലെ ഡ്രെയിനേജ് പൊട്ടി കിടക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മന്ത്രിമാരുടേതടക്കമുള്ള സർക്കാർ വാഹനങ്ങൾ ഇതിലൂടെ കടന്നു പോകുന്നത്.