തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്‍റെ പേര് നല്‍കും. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇത്തരമൊരു നിർദേശം നൽകിയത്. ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.
കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പൊലീസ് എത്തിച്ചയാളുടെ കുത്തേറ്റ് ഡോക്‌ടർ വന്ദന ദാസ് മരിച്ചത്. ഇതേ തുടർന്ന് ആശുപത്രികളില്‍ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഡോക്‌ടർമാർ സമരം ചെയ്യുകയാണ്. സർക്കാർ സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്‌ടർമാരും അത്യാഹിത വിഭാഗവും ലേബർ റൂമും ഒഴികെയുള്ള സേവനങ്ങൾ നിർത്തിവച്ചാണ് പണിമുടക്ക് നടത്തുന്നത്.
നിലവിൽ നാളെ രാവിലെ എട്ടുമണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഡോക്‌ടർമാരുടെ സംഘടന പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉന്നതതലയോഗം അടക്കം ചേർന്നിട്ടുണ്ട്.
ആശുപത്രി സുരക്ഷാനിയമം ഓർഡിനൻസ് ആയി പുറത്തിറക്കുക, നിയമത്തിന് വന്ദന ദാസിന്‍റെ പേര് നൽകുക, പ്രത്യേകസംഘം സംഭവം അന്വേഷിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഡോക്‌ടർമാർ മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും. സർക്കാരിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സമരം എങ്ങനെ വേണമെന്ന് തീരുമാനിക്കാനാണ് ഐഎംഎയുടെ നീക്കം.