തിരുവനന്തപുരം : അനില്‍ ആന്‍റണിക്ക് പകരം ഡോ. പി സരിന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ചുമതലയേറ്റു. സംഘടനയെ ചലിപ്പിക്കാന്‍ സാധാരണ പ്രവര്‍ത്തകന് കെൽപ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും അഭിമാനികളാക്കി മാറ്റുന്ന തരത്തിലുള്ള വിഭവങ്ങള്‍ എത്തിക്കുന്ന പ്ലാറ്റ്‌ഫോമാക്കി കോണ്‍ഗ്രസിന്‍റെ സൈബറിടങ്ങളെ മാറ്റുകയാണ് തന്‍റെ ഉത്തരവാദിത്തം.
കുറേ പോസ്‌റ്റുകളും വീഡിയോകളും ഫോട്ടോഷോപ്പ് ചെയ്‌ത ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനപ്പുറം പാര്‍ട്ടി അണികള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കുന്ന തരത്തിലുള്ള ഡാറ്റ അവരിലെത്തിക്കണം. കോണ്‍ഗ്രസ് അധികാരത്തിന് വേണ്ടി ആക്രാന്തം കാട്ടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ലെന്ന് ഭാരത് ജോഡോ യാത്ര തെളിയിച്ചുകഴിഞ്ഞു.
എന്തായിരുന്നു കോണ്‍ഗ്രസ്, എങ്ങനെയായിരുന്നു കോണ്‍ഗ്രസ് എന്നത് കൃത്യമായ രീതിയിലും ഘടനാപരമായും സ്വന്തം അണികളിലും പൊതുജനങ്ങളിലും എത്തേണ്ടതുണ്ട്. പരസ്‌പരം അസത്യങ്ങള്‍ വാരി വിതറി സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെ മലീമസമാക്കുന്ന ബിജെപിയെയും സിപിഎമ്മിനെയും ചെറുത്തുതോല്‍പ്പിക്കുകയും സംഘടനയെ ചലിപ്പിക്കാന്‍ സാധാരണ പ്രവര്‍ത്തകന് കെൽപ്പുണ്ടാക്കുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ് ഫോമാക്കി കോണ്‍ഗ്രസ് സൈബര്‍ സ്‌പേസിനെ മാറ്റുകയും ചെയ്യുമെന്നും മുന്‍ സിവില്‍ സര്‍വീസ് ഉദ്യേഗസ്ഥന്‍ കൂടിയായ ഡോ സരിന്‍ പറഞ്ഞു.
കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായാണ് ഡോ സരിന്‍ ഇന്ത്യന്‍ അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റ് വകുപ്പിലെ ഉന്നത ഉദ്യോഗം രാജിവച്ചത്.