തിരുവനന്തപുരം : കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പോഷകാഹാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂള്‍ തലം മുതല്‍ വിദ്യാഭ്യാസം ആവശ്യമാണെന്ന് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവായ എംഎസ് സ്വാമിനാഥന്‍റെ മകളും പ്രമുഖ ഭക്ഷ്യ-കാര്‍ഷിക ഗവേഷകയുമായ ഡോ. മഥുര സ്വാമിനാഥന്‍ (Madhura Swaminathan About Nutrition Security to Food Security).
അന്താരാഷ്ട്ര ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ പഠന പ്രകാരം ഇന്ത്യയില്‍ 104 കോടിയിലധികം ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണത്തിനുള്ള ദിവസ വരുമാനമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കേരളീയത്തിന്‍റെ ഭാഗമായി 'കേരളത്തിലെ ഭക്ഷ്യസുരക്ഷ' എന്ന വിഷയത്തില്‍ ഭക്ഷ്യ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. മഥുര.
ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ചുള്ള പഠനങ്ങള്‍ അടുത്ത കാലത്താണ് ആരംഭിച്ചത്. ആരോഗ്യകരമായ ഭക്ഷണത്തിനായി ഒരു വ്യക്തിക്ക് ദിവസേന 3 ഡോളര്‍ ചെലവുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ അന്താരാഷ്ട്ര ഭക്ഷ്യ കാര്‍ഷിക സംഘടന പറയുന്നു.
ഇന്ത്യയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയും തുക ആവശ്യമാണെന്ന് കണക്കാക്കുന്നത്. സമ്പാദ്യത്തിന്‍റെ 35 ശതമാനത്തിലേറെ ആരോഗ്യകരമായ ഭക്ഷണത്തിനായി ചെലവാക്കേണ്ടി വരുന്നയാള്‍ ദരിദ്രനാണ്.
കേരളത്തില്‍ 254 രൂപ ദിവസ വേതനം ലഭിക്കുകയും ആരോഗ്യകരമായ ഭക്ഷണത്തിനായി 48 രൂപ ഒരാള്‍ ചിലവാക്കുകയും വേണം. ആരോഗ്യകരമായ ഭക്ഷണത്തിനായി കേരളത്തില്‍ ദിവസ വേതനത്തിന്‍റെ 20 ശതമാനത്തില്‍ താഴെ മാത്രമേ ഒരാള്‍ക്ക് ചെലവുള്ളൂ. ബിഹാറില്‍ 62 രൂപ ദിവസ വേതനമായി നേടുന്നയാള്‍ 42 രൂപ ആരോഗ്യകരമായ ഭക്ഷണത്തിനായി ചെലവാക്കണം.
സമ്പാദ്യത്തിന്‍റെ 60 ശതമാനവും ഭക്ഷണത്തിനായി ഇവിടെ ചെലവഴിക്കേണ്ടി വരും. ഗുജറാത്തില്‍ 70 രൂപ ദിവസ വേതനം ലഭിക്കുന്നതിന്‍റെ 70 ശതമാനമായ 47 രൂപയാണ് ആരോഗ്യകരമായ ഭക്ഷണത്തിനായി ചെലവാക്കേണ്ടി വരിക. 2011 ലെ വില-വേതന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പഠനങ്ങളെല്ലാം നടത്തിയിട്ടുള്ളത്.
ചെലവും വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കുന്നത്. പഠനങ്ങള്‍ എത്രയും വേഗം പുതുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. കേരളത്തിലെ സ്ഥിതി രാജ്യത്തിന്‍റെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വ്യത്യസ്‌തമാണ്. ഭക്ഷ്യസുരക്ഷ കേരളത്തിലുണ്ട്. എന്നാല്‍ പോഷകാഹാരങ്ങളെ കുറിച്ചുള്ള അവബോധമാണ് ഇനി സംസ്ഥാനത്തിന് ആവശ്യം.
കൊവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും പൊതുവിതരണ സംവിധാനങ്ങള്‍ വഴി പോഷകാഹാരമായിരുന്നു വിതരണം ചെയ്‌തിരുന്നത്. സ്‌കൂളുകളില്‍ പോഷകാഹാരത്തെ കുറിച്ചുള്ള അവബോധമാണ് ആവശ്യം.
ജപ്പാനില്‍ മാത്രമാണ് പോഷകാഹാര വിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കുട്ടികള്‍ നിര്‍ബന്ധമായും പോഷകാഹാരങ്ങളെ കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെ കുറിച്ചും പഠിച്ചിരിക്കണമെന്ന് 2005 ല്‍ ജപ്പാന്‍ പാസാക്കിയ 'ഷോകു ഇകു' നിയമം പറയുന്നു.
ALSO READ:Food Safety: Nation's Tribute to MS Swaminathan | 'രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി' ; എംഎസ് സ്വാമിനാഥനെ അനുസ്‌മരിച്ച് പ്രധാനമന്ത്രി
തുടര്‍ന്ന് കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങളും ജപ്പാന്‍ പുറത്തിറക്കി. കേരളത്തിലെ സവിശേഷമായ സാഹചര്യത്തിന് ഇത് മാതൃകയാക്കാമെന്നും ഡോ.മഥുര സ്വാമിനാഥന്‍ പറഞ്ഞു.