തിരുവനന്തപുരം: ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ ഡോ.ആശ കിഷോർ സ്വയം വിരമിക്കലിന് അപേക്ഷ നൽകി. വിരമിക്കാൻ അനുവദിക്കണമെന്ന അപേക്ഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് അംഗീകരിച്ചിു. വിരമിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ആശ കിഷോർ അവധിയിൽ പ്രവേശിച്ചു.
ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പദവിയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ ആശ കിഷോറിന് ജൂലൈ 14 ന് ഇൻസ്റ്റിറ്റ്യൂട്ട് ബോഡി കാലാവധി നീട്ടി നൽകിയിരുന്നു. 2025 ഫെബ്രുവരി വരെയാണ് കാലാവധി നീട്ടിനൽകിയത്. എന്നാൽ ക്യാബിനറ്റ് അപ്പോയിൻമെന്‍റ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണ് കാലാവധി നീട്ടിനൽകിയതെന്ന് കാണിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്‌ടർമാർ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പരാതി പരിശോധിച്ച ട്രൈബ്യൂണൽ നിയമനം മുൻകാലപ്രാബല്യത്തോടെ റദ്ദാക്കുകയും ചെയ്‌തു. ഇതിനെതിരെ ആശാ കിഷോർ നൽകിയ അപ്പീൽ, ഡയറക്‌ടറെ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരിന് അധികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് സ്വയം വിരമിക്കാൻ ആശാ കിഷോർ തീരുമാനിച്ചത്.