തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ലഹരി വസ്‌തുക്കളുമായി കടക്കാമെന്ന് ഇനി തടവുകാർ കരുതേണ്ട. കെയ്റയും റൂബിയും ചാർജെടുത്തിട്ടുണ്ട്. ലഹരി ശരീരത്തിലൊളിപ്പിച്ച് കടത്തിയാലും മതിലിന് പുറത്ത് നിന്ന് അകത്തേക്കെറിഞ്ഞു കൊടുത്താലും മണം പിടിച്ച് കൈയ്യോടെ പിടിക്കാൻ ഇവർക്കു സാധിക്കും.
തൃശൂരിലെ പൊലീസ് അക്കാദമിയിലെ ഒൻപത് മാസത്തെ പരിശീലനം കഴിഞ്ഞെത്തിയ ഇരു നായകളും പൂജപ്പുര സെൻട്രൽ ജയിൽ പുതുതായി തുടങ്ങിയ ഡോഗ് സ്ക്വാഡിലെ ആദ്യ അംഗങ്ങളാണ്. സ്‌നിഫർ വിഭാഗത്തിലാണ് കെയ്റയും റൂബിയും പരിശീലനം നേടിയത്. ആളുകൾ, വാഹനങ്ങൾ, ബാഗ് തുടങ്ങിയവ പരിശോധിച്ച് ലഹരി വസ്‌തുക്കൾ കണ്ടെത്തുന്നതിൽ വിദഗ്‌ധരാണ് ഇരുവരും.
പൂജപ്പുര സെൻട്രൽ ജയിലിലെ ഡോഗ് സ്ക്വാഡ് ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്‌തു. ജയിലിനകത്ത് കഞ്ചാവ് പോലെയുള്ള ലഹരി വസ്‌തുക്കൾ എത്തുന്നത് തടയുകയാണ് പ്രിസൺ ഡോഗ് സ്ക്വാഡിന്‍റെ ചുമതല. ഡോഗ് സ്ക്വാഡിനെ സജ്ജമാക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ജയിലാണ് പൂജപ്പുരയിലേത്. അട്ടക്കുളങ്ങര വനിതാ ജയിൽ, മലപ്പുറം തവനൂരിൽ പുതിയതായി തുടങ്ങുന്ന ജയിൽ, തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിൽ എന്നിവിടങ്ങളിലും ഉടൻ ഡോഗ് സ്ക്വാഡ് രൂപീകരിക്കും. ഇതിനായി ആറ് നായകൾക്ക് പരിശീലനം നൽകി തുടങ്ങിയതായും ജയിൽ ഡിജിപി വ്യക്തമാക്കി.