തിരുവനന്തപുരം: മെഡിക്കൽ കോളജിൽ രോഗിയുടെ മരണവിവരം അറിയിച്ചതിന് മർദനമേറ്റ വനിത ഡോക്‌ടർ അവധിക്ക് അപേക്ഷ നൽകി. ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ റസിഡന്‍റ് ഡോക്‌ടർ മേരി ഫ്രാൻസിസാണ് ഒരാഴ്‌ചത്തെ അവധിക്ക് അപേക്ഷ നൽകിയത്.
ഇന്ന് വൈകിട്ട് തന്നെ ഡോക്‌ടർ വിദേശത്തേക്ക് പോകും. പൊലീസിന്‍റെ ഭാഗത്തുനിന്ന് നീതി ലഭിക്കുന്നില്ല എന്ന് പരാതി ഡോക്‌ടർ ഉന്നയിച്ചിരുന്നു. കെജിഎംസിടിഎയും ഐഎംഎയും അടക്കമുള്ള സംഘടനകളും ഇക്കാര്യത്തിൽ പ്രതിഷേധത്തിലാണ്.
നാവംബർ 23ന് പുലർച്ചെ 1.20നാണ് ഭാര്യ ശുഭയുടെ മരണ വിവരമറിയിച്ച ഡോക്‌ടറെ രോഗിയുടെ ഭർത്താവ് സെന്തിൽ കുമാർ മർദിച്ചത്. വയറ്റിൽ ചവിട്ടി എന്നാണ് ഡോക്‌ടറുടെ പരാതി. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഇതിനായുള്ള നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ ദിവസം സെന്തിൽ കുമാറിന് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യവും അനുവദിച്ചു. സെന്തിൽ കുമാർ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും.
മർദനമേറ്റതിനെ തുടർന്ന് ഇങ്ങനെ ഇവിടെ തുടരാൻ കഴിയില്ലെന്നായിരുന്നു ഡോക്‌ടറുടെ പ്രതികരണം. മര്‍ദനമേറ്റതിനെ തുടർന്നുള്ള ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഡോക്‌ടർ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.