തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. രാമക്ഷേത്രം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും പൊതു സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്‍റെ പൊതു പ്രവർത്തനത്തിനുള്ള ദേശീയ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിയപ്പോഴാണ് ഡികെ ശിവകുമാറിന്‍റെ പ്രതികരണം (DK Shivakumar Karnataka).
അയോധ്യ വിഷയത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങ് നടക്കുന്ന സമയം കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പൂജ നടത്തണമെന്ന സർക്കാർ നിർദേശത്തെ കുറിച്ചുള്ള ചോദ്യത്തിന് നമ്മൾ എല്ലാവരും ഹിന്ദുക്കളാണെന്നും എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജനങ്ങളുടെ വികാരത്തെ മാനിക്കണമെന്നുമായിരുന്നു ഡി കെ ശിവകുമാറിന്‍റെ മറുപടി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കുമെല്ലാം പ്രത്യേകം വകുപ്പുകള്‍ ഉണ്ടെന്നും അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങിലേക്ക് സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നേതൃത്വം തീരുമാനങ്ങളൊന്നും കൈകൊണ്ടിട്ടില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലുള്ളവരെയും സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി (Karnataka Deputy CM DK Shivakumar).
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന സുപ്രീം കോടതി വിധിയിൽ ജുഡീഷ്യറി തീരുമാനിക്കുന്ന കാര്യങ്ങൾ എല്ലാവരും അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിധിയെ ബഹുമാനിക്കണമെന്നും ഇക്കാര്യത്തില്‍ തനിക്ക് ഇതിൽ കൂടുതൽ പറയാനില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു (Ram Temple Ayodhya).
പ്രശസ്‌ത മാധ്യമ പ്രവർത്തകനും കേരള കൗമുദി മുൻ എഡിറ്റോറിയൽ അഡ്വൈസറുമായ എൻ. രാമചന്ദ്രന്‍റെ സ്‌മരണാർഥം രൂപീകരിച്ചതാണ് എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്‍റെ പൊതു പ്രവർത്തനത്തിനുള്ള ദേശീയ അവാർഡ്. ശശി തരൂർ എംപിയാണ് അവാർഡ് ജേതാവ്. പ്രശസ്‌ത സരോദ് സംഗീത വിദ്വാൻ അംജദ് അലി ഖാൻ മുഖ്യാതിഥിയാകും. ഇന്ന് (ജനുവരി 8) വൈകിട്ട് 5ന് പിഎംജിയിലെ മസ്ക്കറ്റ് ഹോട്ടലിലാണ് പരിപാടി.
ജയിലുകളില്‍ അടക്കം തത്സമയ സംപ്രേക്ഷണം: ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ്. രാജ്യത്തുടനീളം ബൂത്ത് തലത്തില്‍ പ്രതിഷ്‌ഠ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബൂത്ത് തലത്തില്‍ ഇതിനുള്ള വലിയ സ്‌ക്രീനുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ബിജെപി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജയിലുകളില്‍ തടവില്‍ കഴിയുന്നവര്‍ക്കായി പ്രതിഷ്‌ഠ ചടങ്ങ് തത്സമയം കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് ജയില്‍ മന്ത്രി ധര്‍മ്മവീര്‍ പ്രജാപതി പറഞ്ഞു.