തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്‌ത് തിരുവനന്തപുരം ജില്ല കുടുംബ കോടതി. കേസില്‍ വിശദമായ വാദം നവംബര്‍ ഒന്നിന് കേള്‍ക്കും. ദത്തെടുത്ത മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കൈമാറുന്ന വിധി തിങ്കളാഴ്‌ച പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ണായകവിധി.
അന്തിമ വിധിയില്‍ സര്‍ക്കാറിന്‍റെ തടസ ഹര്‍ജി
കുഞ്ഞിന്‍റെ അവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. കേസില്‍ അനുപമയും കക്ഷി ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. കുഞ്ഞിന്‍റെ സംരക്ഷണത്തില്‍ പൂര്‍ണ അവകാശം ദത്തെടുത്ത ദമ്പതികള്‍ക്ക് നല്‍കുന്നതിന്‍റെ അന്തിമ വിധിയിലാണ് സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കിയത്.
കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള്‍ സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്. തുടര്‍ തീരുമാനങ്ങള്‍ നവംബറില്‍ കേസ് വാദം കേട്ട ശേഷമാകും നടപ്പിലാക്കുക.
ALSO READ: വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി: കെ സുധാകരൻ
അതേസമയം, ദത്തെടുത്ത ദമ്പതികളോ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയോ കേസില്‍ എതിര്‍പ്പ് ഉന്നയിച്ച് മേല്‍ക്കോടതിയെ സമീപിച്ചാല്‍ വലിയ നിയമപോരാട്ടങ്ങളാകും വരാനിരിക്കുക. അതിനിടെ, ദത്തെടുക്കല്‍ നടപടി സ്റ്റേ ചെയ്‌ത കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുഞ്ഞിനെ തിരിച്ചുകിട്ടും വരെ നിയമപോരാട്ടം തുടരുമെന്നും അനുപമ പറഞ്ഞു.