തിരുവനന്തപുരം: മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജില്ലാ കലക്ടര്‍മാര്‍ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന് പതാക ഉയര്‍ത്താന്‍ കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാകയുയര്‍ത്തും.
തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബി. എസ്. എഫ്, സ്പെഷ്യല്‍ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബെറ്റാലിയന്‍, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ആംഡ് വിമന്‍ പൊലീസ് ബറ്റാലിയന്‍, എന്‍. സി. സി സീനിയര്‍ ഡിവിഷന്‍ ആര്‍മി (ആണ്‍കുട്ടികള്‍), എന്‍. സി. സി സീനിയര്‍ വിങ് ആര്‍മി (പെണ്‍കുട്ടികള്‍) എന്നിവരുടെ ഓരോ പ്ലാറ്റൂണുകള്‍ പങ്കെടുക്കും.
സ്പെഷ്യല്‍ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബെറ്റാലിയന്‍ എന്നിവയുടെ ബാന്‍ഡ് സംഘവും ഉണ്ടാവും. ശംഖുംമുഖം എ. സി. പി ഐശ്വര്യ ദോംഗ്രെയാണ് പരേഡ് കമാന്‍ഡര്‍. സ്പെഷ്യല്‍ ആംഡ് പൊലീസ് അസി. കമാന്‍ഡന്റാണ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്. എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ കലക്ടര്‍മാരും മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടറും കോഴിക്കോട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും പതാക ഉയര്‍ത്തും. മറ്റു ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമാരും മന്ത്രിമാരായിരിക്കും അഭിവാദ്യം സ്വീകരിക്കുക.