തിരുവനന്തപുരം: അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകന് സിദ്ദിഖിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചിച്ചു.
മികച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്. റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടക്കം മുതൽ ഒടുക്കം വരെ ഇക്കയുടെ ചിത്രങ്ങളിൽ തന്ന പാട്ടുകൾക്ക് പറഞ്ഞാൽ തീരാത്ത നന്ദിയെന്നായിരുന്നു ഗായകന് എം.ജി ശ്രീകുമാര്‍ അനുസ്മരിച്ചത്. ഒരു നോക്ക് കാണാൻ അമൃത ഹോസ്പിറ്റലിൽ എത്തി. കണ്ടു. ഇക്ക മറക്കാൻ കഴിയാത്ത ഒരുപാട് ഓർമകൾ തന്ന് യാത്രയായെന്നും അദ്ദേഹം അനുശോചനകുറിപ്പില്‍ കുറിച്ചു. എന്നാല്‍, എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത് എന്ന ചോദ്യത്തോടെയായിരുന്നു നടനും എംഎല്‍എുമായ മുകേഷിന്റെ അനുശോചന കുറിപ്പ്.
എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ. മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു. വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണെന്ന് മുകേഷ് കുറിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗമാണെന്നും ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ താന്‍ അശക്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സിദ്ദിഖിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ഇതിനോടകം സിനിമ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധിപേര്‍ രംഗത്തെത്തി.