തിരുവനന്തപുരം: ജി ശക്തിധരന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മൂന്ന് പരാതികള്‍ ലഭിച്ചുവെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പുതിയ ഡിജിപി ഷെയ്ഖ് ധർവേഷ് സാഹിബ് ഐപിഎസ്. ബെന്നി ബെഹനാൻ എം പി, ടി യു രാധാകൃഷ്‌ണൻ, കെ സുധാകരൻ എം പി എന്നിവരിൽ നിന്നുമാണ് പരാതികൾ ലഭിച്ചിട്ടുള്ളത്. ഡിജിപിയായി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഷെയ്ഖ് ധർവേഷ് സാഹിബ് ഐപിഎസ്.
ലഭിച്ച പരാതികളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപ് ഡിജിപിക്ക് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതി എഡിജിപി എം ആർ അജിത് കുമാറിന് കൈമാറിയിരുന്നു. അച്ചടക്കമില്ലാതെ സേനയ്ക്ക് മുൻപോട്ട് പോകാനാകില്ലെന്നും അച്ചടക്കം നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാൻ സ്‌ത്രീകള്‍ക്ക് പരിശീലനം: സ്ത്രീ സുരക്ഷ പ്രധാനമാണ്. ഇതിനായുള്ള പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കും. സൈബർ കുറ്റകൃത്യങ്ങള്‍ നേരിടാൻ സ്‌ത്രീകള്‍ക്ക് പരിശീലനം നൽകും. ഗുണ്ട പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും. ലഹരിവിരുദ്ധ നടപടികൾ ഊർജിതമാക്കും. റേഞ്ച് അടിസ്ഥാനത്തിൽ ടീം രൂപീകരിക്കുമെന്നും ഡിജിപി അറിയിച്ചു.
പ്രായോഗിക തലത്തിൽ ലീഗൽ അവബോധം നൽകും. തെറ്റ് ചെയ്‌താൽ ശിക്ഷ വേണം. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ജില്ല തലത്തിൽ കമ്മിഷണറേറ്റുകൾ ആരംഭിക്കാൻ സർക്കാരിനോട് അപേക്ഷിക്കാം. പൊലീസ് സ്‌റ്റേഷനുകളിൽ ജനങ്ങളുടെ സേവനം മെച്ചപ്പെടുത്താൻ പിആര്‍ഒമാരുടെ സഹായം ഉറപ്പുവരുത്തും. എൻഡിപിഎസ് കേസുകളിൽ പാലിക്കേണ്ട മാർഗരേഖ അന്വേഷണ തലത്തിൽ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. സ്‌റ്റേഷൻ ലെവൽ സേവനം മെച്ചപ്പെടുത്തും.
പൗരന്മാരുമായി സൗമ്യമായി പെരുമാറുക. പരാതിക്കാരനെ കേസിന്‍റെ പ്രോഗ്രസസ് അറിയിക്കുക. പൊലീസ് സ്‌റ്റേഷൻ സർവീസുകൾ മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങളെന്ന് ഷെയ്ഖ് ധർവേഷ് സാഹിബ് അറിയിച്ചു.
പൊലീസിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. റെയ്ഞ്ച് അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കും. എൻഡിപിഎസ് കേസുകൾ അന്വേഷിക്കാനാണിത്.
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയും: സ്‌കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ നടപടികൾ സ്വീകരിക്കും. ലഹരി കേസുകളിൽ അറിയാതെ ഉൾപെടുന്നവരെ ഇരകളായി കണക്കാക്കും. നാളെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി എസ് പി ഓഫീസിലേക്ക് നടത്താനിരിക്കുന്ന മാർച്ചിൽ ജനാധിപത്യത്തിൽ പ്രതിഷേധം സ്വാഭാവികമാണെന്നും പുതിയ ഡിജിപി പ്രതികരിച്ചു.
അതേസമയം, കൈതോലപ്പായയില്‍ പൊതിഞ്ഞ് കാറിന്‍റെ ഡിക്കിയില്‍ പ്രമുഖ നേതാവ് തിരുവനന്തപുരത്ത് കൊണ്ടു വന്ന് രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ സിപിഎമ്മിന് നല്‍കിയില്ലെന്ന് ജി ശക്തിധരന്‍ ആരോപിച്ചു. പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് ശക്തിധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുകൊണ്ട് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കൊച്ചിയിലെ വിവിധ സമ്പന്നരില്‍ നിന്ന് ഇരട്ടചങ്കനായ നേതാവ് ശേഖരിച്ച പണം എകെജി സെന്‍ററില്‍ എത്തിയിട്ടില്ല. പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് ഞാന്‍ മനസിലാക്കിയ കാര്യമാണ് ഇക്കാര്യമെന്നാണ് ശക്തിധരന്‍ കുറിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ലെന്നാണ് പറയുന്നത്. പത്ത് ലക്ഷം രൂപയാണ് കോവളത്തെ ഒരു ഹോട്ടല്‍ വ്യവസായിയില്‍ നിന്ന് സമാഹരിച്ച് പാര്‍ട്ടിക്ക് നല്‍കിയത്. അതേ വ്യവസായി കൈമാറിയ രണ്ടാമത്തെ കവറിനെ കുറിച്ച് വിവരമില്ലെന്നും ശക്തിധരന്‍ പറയുന്നു.
ഇക്കാര്യങ്ങളില്‍ ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നവരുണ്ടാകും. കോടിക്കണക്കിന് ജി ശക്തിധരന്മാര്‍ മൗനം പാലിച്ചിരിക്കുന്നതിനാലാണ് കേരരളത്തില്‍ തുടര്‍ഭരണം എന്ന മിഥ്യയുടെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നതെന്നും ശക്തിധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.