തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് സർക്കാർ അതീവ ശ്രദ്ധ പുലർത്തുന്നത്, അതിൽ സേനയ്ക്കും വലിയ പങ്ക് വഹിക്കാൻ സാധിച്ചുവെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. കേരള പൊലീസിന്‍റെ നേട്ടത്തിൽ സേനയിലെ ഓരോ അംഗങ്ങൾക്കും പങ്കുണ്ട്. എല്ലാ കാര്യത്തിലും പൊലീസ് നമ്പർ വൺ ആണെന്നും പൊലീസ് സേന അനിൽകാന്തിന് നൽകിയ വിടവാങ്ങൽ പരേഡിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗം തടയാൻ കൂട്ടായ പങ്ക് അനിവാര്യമാണ്. പ്രളയം, കൊവിഡ് സാഹചര്യത്തിലും കേരള പൊലീസ് മാതൃകയാണ്. വർഗീയ സംഘർഷം ഒഴിവാക്കാനും കൂട്ടായ പങ്ക് ആവശ്യമാണ്.
താനുൾപ്പടെയുള്ള ഓരോ സേനാംഗങ്ങളുടെയും പരിശ്രമഫലമായാണ് സംസ്ഥാനത്ത് ക്രമസമാധാനം നിലനിൽക്കുന്നത്. ആരോഗ്യമുള്ള ശരീരം നിലനിർത്താൻ സേനാംഗങ്ങൾ ശ്രമിക്കണം. സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം സേവന രംഗത്തും ഇതര മേഖലയിലും മാതൃകാപരമായി പ്രവർത്തിക്കണം.
ഈ നാടും നാട്ടുകാരും തനിക്ക് പ്രിയപ്പെട്ടവരാണ്. ഒപ്പം നിന്ന ഉദ്യോഗസ്ഥർക്കും പേഴ്‌സണൽ സ്റ്റാഫുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
സമൂഹം നേരിടുന്ന വിപത്താണ് ചെറുപ്പക്കാരുടെ ലഹരി ഉപയോഗം. അതിൽ പൊലീസ് കാര്യമായി ഇടപെടുന്നുണ്ട്. ലഹരി തടയാൻ എല്ലാവരും ശ്രമിക്കണമെന്നും അനിൽകാന്ത് കൂട്ടിച്ചേർത്തു.
ഉച്ചയ്ക്ക് 12 മണിക്ക് പൊലീസ് ആസ്ഥാനത്ത് അനിൽകാന്തിന് ഔദ്യോഗിക യാത്രയയപ്പ് നൽകി. വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറി വി പി ജോയിക്കും മുൻ ഡിജിപി അനിൽകാന്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രയയപ്പ് നൽകും.
നിലവിൽ ഫയർ ഫോഴ്‌സ് മേധാവിയായ ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ആണ് നിയുക്ത സംസ്ഥാന പൊലീസ് മേധാവി. അദ്ദേഹം ഇന്നാണ് (ജൂണ്‍ 30) തന്‍റെ പുതിയ ചുമതലയേറ്റെടുക്കുന്നത്. 2021 ജൂണ്‍ 30 മുതല്‍ രണ്ട് വര്‍ഷമാണ് സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്ത് സേവനമനുഷ്‌ഠിച്ചത്.
നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്‌മൃതിഭൂമിയില്‍ പുഷ്‌പചക്രം അര്‍പ്പിച്ച് സല്യൂട്ട് ചെയ്യും. നിയുക്ത സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് പൊലീസ് ആസ്ഥാനത്തെ ധീരസ്‌മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും.
ഇതിന് ശേഷം പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത പൊലീസ് മേധാവി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ധീരസ്‌മൃതിഭൂമിയില്‍ ആദരം അര്‍പ്പിക്കും. തുടര്‍ന്ന് അദ്ദേഹം സേനയുടെ സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്നാണ് ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാര ദണ്ഡ് ഏറ്റുവാങ്ങി അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. പുതിയ ഡിജിപിയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്ഥാനമൊഴിയുന്ന പൊലീസ് മേധാവിയെ യാത്രയാക്കുന്നത്.
അനിൽകാന്തിന് 64-ാമത് ഓള്‍ ഇന്ത്യ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്‌ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫിസറായി വിരമിച്ച പ്രീത ഹാരിറ്റ് ആണ് അദ്ദേഹത്തിന്‍റെ ഭാര്യ. ന്യൂഡല്‍ഹിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറാണ് മകന്‍ രോഹന്‍ ഹാരിറ്റ്