തിരുവനന്തപുരം : പൊലീസ് സ്‌റ്റേഷനുകളിലെത്തുന്ന പരാതിക്കാരോട് മാന്യമായി പെരുമാറണമെന്ന കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. പൊലീസിന്‍റെ മോശം പെരുമാറ്റവും കോടതികളില്‍ നിന്ന് നിരന്തരം തിരിച്ചടികളും നേരിടുന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പെരുമാറ്റം സംബന്ധിച്ച കര്‍ശന നിര്‍ദേശം പൊലീസ് മേധാവി നല്‍കിയത്.
പരാതിക്കാരോട് ക്രിമിനലുകളോടെന്ന രീതിയില്‍ പെരുമാറിയെന്ന തരത്തിലുള്ള പരാതികള്‍ ഉയരാതിരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡന പരാതികളില്‍ എസ്.എച്ച്.ഒമാര്‍ നിയമപരമായ നടപടി ഉടനടി സ്വീകരിക്കണം. കേസുകള്‍ സ്റ്റേഷനുകളില്‍ ഒതുക്കിത്തീര്‍ക്കാന്‍ എസ്.എച്ച്.ഒമാര്‍ ശ്രമിക്കുകയും തിരക്കുകള്‍ക്കിടയില്‍ ഇതിന് കാലതാമസം നേരിടുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് ആത്മഹത്യപോലുള്ള സംഭവങ്ങളുണ്ടാകുന്നതെന്നും അനില്‍കാന്ത് ചൂണ്ടിക്കാട്ടി.
ALSO READ:ശബരിമല തീര്‍ഥാടകയായ ബാലികയെ അപമാനിക്കാൻ ശ്രമം ; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
ആലുവയില്‍ ഏറ്റവും ഒടുവില്‍ സംഭവിച്ചത് ഇത്തരത്തിലുള്ള സമീപനം എസ്.എച്ച്.ഒ സ്വീകരിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും ഉത്തരവാദിത്തം. അതിനാല്‍ പ്രതിദിന ഗാര്‍ഹിക പരാതികളുടെ വിവരം എസ്.പിമാര്‍ കര്‍ശനമായി ശേഖരിക്കണമെന്ന് ഡി.ജി.പി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വന്നാല്‍ ജില്ലാ പൊലീസ് മേധാവികള്‍ യഥാര്‍ഥ വസ്‌തുതകള്‍ മാധ്യമങ്ങളോട് വിശദീകരിച്ച് തെറ്റിദ്ധാരണ നീക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചു.
പൊതുജനങ്ങളോടുള്ള പേരുമാറ്റം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ എല്ലാ തലങ്ങളിലുമുള്ള പൊലീസ് സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം പരിഗണനയിലാണ്. ഇന്‍റലിജന്‍സ് മേധാവി സുധേഷ് കുമാര്‍, എ.ഡി.ജി.പിമാരായ യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ് സാക്കറേ, ഐ.ജിമാര്‍ എസ്.പിമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.