തിരുവനന്തപുരം: ശബരിമലയിൽ മിഥുന മാസ പൂജക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും പിന്മാറി. മാസ പൂജകൾ ചടങ്ങ് മാത്രമായി നടത്താനും ഉത്സവം ഉപേക്ഷിക്കാനും തീരുമാനമായി. ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം നടത്തരുതെന്നുമുള്ള തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നിർദേശം മാനിച്ചാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. തുടർന്ന് ദേവസ്വം ബോർഡുമായും തന്ത്രിയുമായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. മാസ പൂജ ചടങ്ങുകൾ മാത്രമായി ചുരുക്കാനും യോഗത്തിൽ തീരുമാനമായി.
ദേവസ്വം ബോർഡുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വ്യക്തമാക്കി. ഉത്സവം മാറ്റി വെക്കാൻ രാഷ്ട്രീയ സമ്മർദം ഉണ്ടായിട്ടില്ല. ഭക്തർക്ക് വിരുദ്ധമായി സർക്കാർ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ക്ഷേത്രം തുറക്കുന്നതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ താനുമായി ചർച്ച ചെയ്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി മുന്നോട്ടു വച്ച അഭിപ്രായത്തോട് ദേവസ്വം ബോർഡ് യോജിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസുവും വ്യക്തമാക്കി. ഈ മാസം 14 മുതൽ 18 വരെ മാസ പൂജയും 19 മുതൽ 28 വരെ ഉത്സവ ചടങ്ങുകളും നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തിൽ വെർച്വൽ ക്യൂ സമ്പ്രദായം കേരള പൊലീസ് പിൻവലിച്ചു.