തിരുവനന്തപുരം: കേരളത്തിന്‍റെ ആദ്യ വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ അവസാന ആശ്രയമായ കോടതിയിലാണ് കേരള സർക്കാരിന്‍റെ പ്രതീക്ഷ. വിമാനത്താവള നടത്തിപ്പ് ലേലത്തില്‍ കൈവിട്ട സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. അദാനിക്ക് കരാര്‍ നല്‍കിയ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച് റിട്ട് ഹര്‍ജിയും വിമാനത്താവളത്തിലെ ജീവനക്കാരുടെ സംഘടന നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാനവും വിവിധ സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹർജി വീണ്ടും പരിഗണിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ഡൈഞ്ച് നിര്‍ദ്ദേശിച്ചത്. ഇതോടെ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് കേന്ദ്രമന്ത്രിസഭ വിമാനത്താവളം അദാനിക്ക് കൈമാറാന്‍ തീരുമാനമെടുത്തത്. അതേസമയം, വിമാനത്താവള നടത്തിപ്പ് സംബന്ധിച്ച ലേലത്തില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാറിന്‍റെ നീക്കമാണ് അദാനിക്ക് നിയമ പരമായ പരിരക്ഷ ഉറപ്പാക്കുന്നത്. കോടതി പരിഗണനയിലുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സംസ്ഥാന തീരുമാനം.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം 2019 തുടങ്ങിയതാണ്. തുടക്കം മുതല്‍ ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. വിവിധ ഘട്ടങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലാണ് എയര്‍പ്പോര്‍ട്ട് പ്രവര്‍ത്തനമെന്നും അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറിന് നിര്‍ണ്ണായക അവകാശമുണ്ടെന്നുമായിരുന്നു സംസ്ഥാന നിലപാട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് കേരളം ഇക്കാര്യം പലതവണ ഉന്നയിക്കുകയും ചെയ്തു. നെടുമ്പാശേരി വിമാനത്താവളം നടത്തിപ്പിലെ പ്രവര്‍ത്തന പരിചയം ചൂണ്ടികാട്ടിയാണ് കേരളം ഇത്തരത്തിലൊരു അവകാശവാദം ഉന്നയിച്ചത്. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ച് നടത്തിപ്പ് സംസ്ഥാനം നേരിട്ട് നടത്താമെന്നായിരുന്നു നിര്‍ദ്ദേശം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ തര്‍ക്കത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകാതെ വന്നതോടെ നടപടികളും നീണ്ടു പോയി. ഇതോടെ വിമാനത്താവള നടത്തിപ്പ് സംബന്ധിച്ച് ടെന്‍ഡര്‍ വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ സിയാല്‍ മാതൃകയില്‍ ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ച് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ തയാറെടുത്തു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെഎസ്‌ഐഡിസിയുടെ പേരിലാണ് സംസ്ഥാനം ലേലത്തില്‍ പങ്കെടുത്തത്. ലേലത്തില്‍ ഉയര്‍ന്ന തുക നല്‍കിയതിലൂടെ അദാനി ഗ്രൂപ്പ് വിമാനത്താവളം സ്വന്തമാക്കിയത്. 168 രൂപ ഒരു യാത്രക്കാരന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ കേന്ദ്രസര്‍ക്കാറിന് നല്‍കുമെന്നാണ് ലേലത്തില്‍ വ്യക്തമാക്കിയത്. കേരളം നല്‍കിയത് 135 രൂപയായിരുന്നു. ലേലം കൈവിട്ടപ്പോള്‍ അദാനി ഗ്രൂപ്പ് നല്‍കിയ തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും കേന്ദ്രം ഇത് അംഗീകരിച്ചില്ല. ഇതോടെ കാരാര്‍ 50 വര്‍ഷത്തേക്ക് അദാനിക്ക് സ്വന്തമായി.
വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനത്തെ രാഷ്ട്രീയമായി നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് സർവകക്ഷി യോഗം വിളിച്ചു. ഇനി നിയമസഭയില്‍ പ്രമേയം പാസാക്കാനും തീരുമാനമായി. അതേസമയം, കേന്ദ്രസര്‍ക്കാർ നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. വികസനം എത്തുമെന്നതാണ് അദാനിയുടെ വരവിനെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം. അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിട്ടും തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസുകള്‍ നിരവധി റദ്ദാക്കുകയാണ് പതിവായി നടക്കുന്നത്. അഞ്ഞൂറിലധികം സര്‍വ്വീസുകള്‍ വിവിധ വിമാനകമ്പനികള്‍ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വിമാനത്താവള കമ്പനി അധികൃതരുമായും എയര്‍പോര്‍ട്ട് അതോറിറ്റിയുമായും ചര്‍ച്ച നടത്തിയെങ്കിലും ഒരു മാറ്റവും ഇതില്‍ ഉണ്ടായില്ല. അദാനി എത്തുന്നതോടെ ഇതില്‍ മാറ്റം വരുമെന്നാണ് അനുകൂല വാദം. വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പാണ് കരാര്‍ എടുത്തിരിക്കുന്നത്. വിഴിഞ്ഞത്തിന് സമീപത്തെ വിമാനത്താവളം കൂടി അദാനിക്ക് ലഭിക്കുന്നതോടെ നിക്ഷേപ സാധ്യത വര്‍ദ്ധിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. രാജ്യാന്തര വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനായുള്ള ഹബായി തിരുവനന്തപുരത്തെ മാറ്റാന്‍ അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. പുതിയൊരു ടെര്‍മിനല്‍ നിര്‍മിക്കാനായി 18 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ നടക്കുകയാണ്. സ്വകാര്യവല്‍ക്കരണം സര്‍ക്കാറുകള്‍ക്ക് വൻ നികുതി നഷ്ടമുണ്ടാക്കുമെന്നാണ് സംസ്ഥാന സർക്കാരിനെ അനുകൂലിക്കുന്നവരുടെ വാദം.
കോടികളുടെ ലാഭമാണ് അദാനി ഗ്രൂപ്പ് വിമാനത്തവള നടത്തിപ്പിലൂടെ നേടാൻ പോകുന്നതെന്നും ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കേണ്ടതാണെന്നും വാദമുണ്ട്. യൂസേഴ്‌സ് ഫീ ഇനത്തില്‍ മാത്രം 50 കൊല്ലം കൊണ്ട് പതിനായിരം കോടിയിലധികം ലാഭമുണ്ടാകും. ലാൻഡിങ് ഫീസിനത്തില്‍ ലാഭം ചുരുങ്ങിയത് 6,912 കോടി രൂപയും അദാനിക്ക് സ്വന്തമാകും. തിരുവനന്തപുരത്ത് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 168 രൂപയാണ് ഒരു യാത്രക്കാരന്‍ യാത്ര ചെയ്താല്‍ എയര്‍പോര്‍ട്ട് അതോറിട്ടിക്ക് ലഭിക്കുക. 50 വര്‍ഷത്തേക്കും ഇതേ തുക തന്നെയാണ് കരാറില്‍ പറയുന്നത്. ഇത് കാലാനുസ്യതമായി പരിഷ്‌കരിക്കാനുള്ള വ്യവസ്ഥയും കരാറില്‍ ഇല്ലെന്ന് തീരുമനത്തെ വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്നുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, മറ്റ് ഷോപ്പ് ലേലത്തിലൂടെയും വിസിറ്റേഴ്‌സ് പാസ് വഴിയും കോടികള്‍ ലഭിക്കും. വാഹനപാര്‍ക്കിങ് ഇനത്തില്‍ മാത്രം 90 ലക്ഷം രൂപയാണ് ഒരു മാസത്തെ വരുമാനം. ഇതെല്ലാം അദാനിയുടെ അക്കൗണ്ടിലേക്ക് പോകും. 5000 ത്തോളം പേര്‍ മറ്റ് വിവിധരംഗങ്ങളിലായി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 80 ശതമാനത്തെ പുതിയ കമ്പനി ഉള്‍ക്കൊള്ളണമെന്നാണ് വ്യവസ്ഥ. ബാക്കിയുള്ളവർക്ക് ജോലി നഷ്‌ടമാകുന്ന അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. വിമാനത്താവളം കൈമാറാന്‍ തീരുമാനമായെങ്കിലും ഹൈക്കോടതിയില്‍ അടക്കം നിയമപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൈമാറ്റവും അദാനിയുടെ വരവും വൈകും. ഇവയെല്ലാം വിജയിച്ച് അദാനി എത്തിയാലും രാഷ്ട്രീയമായ എതിര്‍പ്പും സമരങ്ങളും നേരിടേണ്ടി വരുമെന്ന് വ്യക്തം.
ശ്രീചിത്തിര തിരുനാളിന്‍റെ കാലത്ത് 1935 ഒക്‌ടോബറിലാണ് സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായി തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നത്. നവംബര്‍ ഒന്നിന് ബോംബയിലേക്കുള്ള എയര്‍മെയിലുമായി ടാറ്റ കമ്പനിയുടെ വിമാനം തിരുവനന്തപുരത്ത് നിന്ന് പറന്നു പൊങ്ങി. കണ്ണൂര്‍ വഴി ഗോവയ്ക്കും അവിടെ നിന്നും തിരികെയുമാണ് സര്‍വ്വീസ് നടത്തുന്നത്. ഡെക്കോട്ട പോലെ ചെറുവിമാനവും തിരുവിതാംകൂർ രാജവംശത്തിന്‍റെ കൈവശമുണ്ടായിരുന്നു. ഒരു ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായി വിമാനത്താവളം മണിക്കൂറുകളോളം അടച്ചിടുന്നത് ലോകത്തെ വിമാനത്താവളങ്ങളില്‍ അപൂർവതയാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഉത്സവ ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി വിമാനത്താവളം അടച്ചിടും. പത്മനാഭാസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് തിരുവനന്തപുരം വിമാനത്താവളത്തിനകത്ത് കൂടി പ്രധാന റണ്‍വേ മുറിച്ച് കടന്നാണ് ആറാട്ട്‌ഘോഷയാത്ര ശംഖുമുഖം കടപ്പുറത്തേക്ക് പോകുന്നത്. തിരുവിതാംകൂർ ഭാരതത്തിന്‍റെ ഭാഗമായപ്പോഴാണ് ഇത് സംബന്ധിച്ച കരാർ ഉണ്ടാക്കിയത്. വർഷത്തില്‍ രണ്ടുപ്രാവശ്യമാണ് ക്ഷേത്ര ഉത്സവ ഭാഗമായി വിമാനത്താവളം അടച്ചിടുന്നത്. 1991 ജനുവരി ഒന്നിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വിവി സിങാണ് തിരുവനന്തപുരം വിമാനത്താവളം അന്തര്‍ദ്ദേശീയ വിമാനത്താവളമായി ഉയര്‍ത്തിയത്. അന്നുവരെ മെട്രോ നഗരത്തില്‍ മാത്രമായിരുന്നു അന്തർദേശീയ വിമാനത്താവളങ്ങൾ. 628 ഏക്കറിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. 18 ഏക്കര്‍ കൂടി ഏറ്റെടുത്ത് വികസനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ട് ടെര്‍മിനലുകളാണ് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളത്. ഒന്നാം ടെര്‍മിനലില്‍ ആഭ്യന്തര സര്‍വിസിനും രണ്ടാം ടെര്‍മിനല്‍ രാജ്യാന്തര സര്‍വിസിനും. തെക്കേ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന തിരുവനന്തപുരത്തെ റണ്‍വേയ്ക്ക് 3400 മീറ്റര്‍ നീളമുണ്ട്. എയര്‍ബസ് എ- 380 ഒഴികെയുള്ള വിമാനങ്ങള്‍ക്കെല്ലാം തിരുവനന്തപുരത്ത് ഇറങ്ങാം. നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ഇവയെല്ലാം തന്നെയാണ് അദാനിയെ ആകര്‍ഷിക്കുന്നത്.