തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. അമ്പലങ്ങളിൽ അന്നദാനം പാടില്ല, ആനകളെ എഴുന്നള്ളിക്കരുത്. രാവിലെ ആറിന് നട തുറന്ന് രാത്രി ഏഴിന് അടയ്ക്കണം. ഉത്സവത്തിന് പരമാവധി 75 പേരെ മാത്രമേ അനുവദിക്കാവൂവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
സാമൂഹിക അകലം പാലിച്ച് മാത്രമാണ് ദർശനം അനുവദിക്കുക. ഒരേസമയം 10 പേരെ മാത്രമേ അമ്പലത്തിൽ പ്രവേശിപ്പിക്കാവൂ. 10ല്‍ താഴെയും 60 ന് മുകളിലുമുള്ളവര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
കൂടുതൽ വായനയ്ക്ക്:സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ പ്രതിസന്ധിയിൽ
പൂജാസമയങ്ങളിൽ ശ്രീകോവിലിന് മുന്നിൽ തിരക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. ക്ഷേത്രത്തിനുള്ളിലും പുറത്തും ഭക്തജനങ്ങൾ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും നിർബന്ധമായും മാസ്‌ക് ധരിക്കണം. തെർമൽ സ്കാനർ വഴി പരിശോധന നടത്തിയ ശേഷം മാത്രമേ ദർശനത്തിനെത്തുന്നവരെ പ്രവേശിപ്പിക്കാവൂ.
ദർശനത്തിന് എത്തുന്ന ഭക്തര്‍ കഴിഞ്ഞയുടന്‍ മടങ്ങണം. മുഴുവൻ ക്ഷേത്ര ജീവനക്കാരും കൊവിഡ് പ്രതിരോധ വാക്സിൻ സമയബന്ധിതമായി സ്വീകരിക്കേണ്ടതാണെന്നും ദേവസ്വം ബോർഡ് ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.