തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ സർക്കാർ പിടിമുറുക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന ഉത്തരവിലുറച്ച് ധനകാര്യ വകുപ്പ്. നേരത്തെ എടുത്ത തീരുമാനമാണെന്നാണ് ധനകാര്യ വകുപ്പിന്‍റെ നിലപാട്.
പണം ഏത് സമയത്തും പിന്‍വലിക്കാമെന്നും ട്രഷറി നിയന്ത്രണം ബാധകമാകില്ല എന്നുമാണ് ധനവകുപ്പിന്‍റെ വിശദീകരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നല്‍കി.
ഏപ്രില്‍ ഒന്ന് മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ഉത്തരവിനെതിരെ തദ്ദേശ വകുപ്പ് അതൃപ്‌തി അറിയിച്ചിരുന്നു. ഫണ്ട് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ 10 വര്‍ഷം മുന്‍പ് നല്‍കിയ അനുമതി ധനകാര്യ വകുപ്പ് പിന്‍വലിച്ചതാണ് വിവാദമായത്.
Also Read: രാജിയിൽ ഉറച്ച് വി.എം സുധീരൻ ; നിർബന്ധിച്ച് തീരുമാനം മാറ്റാൻ താൻ ആളല്ലെന്ന് വി.ഡി സതീശന്‍
ധനകാര്യ വകുപ്പ് ഏകപക്ഷീയമായി എടുത്ത തീരുമാനം തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വകുപ്പിന്‍റെ ആക്ഷേപം. കഴിഞ്ഞ 18നാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.
തദ്ദേശം ഉള്‍പ്പടെയുള്ള മറ്റ് വകുപ്പുകള്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കരുതെന്നും ധനകാര്യ വകുപ്പ് പറയുന്നു. തദ്ദേശവകുപ്പുമായി പോലും കൂടിയാലോചന ഇല്ലാതെയാണ് ഉത്തരവ് ഇറക്കിയതെന്നാണ് ആക്ഷേപം.