തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ അപകീർത്തിക്കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി. സോളാർ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ് അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആസ്‌പദമായ സംഭവം. 10,10000 രൂപയാണ് നഷ്‌ടപരിഹാരമായി വി.എസ് നൽകേണ്ടത്. പ്രിൻസിപ്പൽ സബ് ജഡ്‌ജി ഷിബു ഡാനിയേലിൻ്റേതാണ് ഉത്തരവ്.
2013 ജൂലൈ ആറിന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വി.എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം. 10,10000 രൂപ നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോടതിയിൽ 2014നാണ് ഹർജി നൽകിയിരുന്നത്.
2019 സെപ്റ്റംബർ 24ന് ഉമ്മൻ ചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. ഉമ്മൻ ചാണ്ടി അഴിമതിക്കാരനാണെന്ന ധാരണ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുവാൻ വി.എസിന്‍റെ ആരോപണങ്ങൾ ഇടയാക്കിയതായി ഉമ്മൻ ചാണ്ടി മൊഴി നൽകി. കേസിൽ ഉമ്മൻ ചാണ്ടി അടക്കം മൂന്നു പേരെ വിസ്‌തരിച്ചു.
നഷ്‌ടപരിഹാര തുകയോടൊപ്പം 6% ബാങ്ക് പലിശയും എതിർകക്ഷിയായ വി.എസ് നൽകണം. സിവിൽ കേസിൽ ഉടൻ തന്നെ അപ്പീൽ സമർപ്പിക്കുമെന്ന് വി.എസ് അച്യുതാനന്ദൻ്റെ അഭിഭാഷകൻ അറിയിച്ചു.
Also Read: ഗൂഢാലോചന കേസ്; സാക്ഷികളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്