തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. കഴിഞ്ഞ തവണ നേടിയ 22 മണ്ഡലങ്ങളില്‍ 20ഉം ഇത്തവണ ഉറപ്പായും ജയിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളുടെ പരിധിയില്‍ പെടുത്തിയിരുന്നു. ഇതാണ് കോൺഗ്രസിന് തിരിച്ചടിയായത്. സിറ്റിങ് സീറ്റുകളായ തൃത്താല, വടക്കാഞ്ചേരി, കുന്നത്തുനാട്, തിരുവനന്തപുരം, അരുവിക്കര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത പരാജയമേറ്റു.
കൂടുതൽ വായനയ്‌ക്ക്: വോട്ടുകച്ചവട ആരോപണം അവജ്ഞയോടെ തള്ളുന്നുവെന്ന് ചെന്നിത്തല
തൃത്താല, അരുവിക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്‍റെ യുവ മുഖങ്ങളായ വി.ടി ബല്‍റാമിനും കെ.എസ് ശബരീനാഥനും അനില്‍ അക്കരയ്ക്കും കാലിടറി. തൃത്താല, തിരുവനന്തപുരം, അരുവിക്കര എന്നിവിടങ്ങളിലെ തോല്‍വി കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നതല്ല. സി.പി.എമ്മിന്‍റെ ഉറച്ച കോട്ടയായ തൃത്താല 2011ല്‍ പിടിച്ചെടുത്ത വി.ടി ബല്‍റാം 2016ല്‍ മികച്ച ഭൂരിപക്ഷത്തില്‍ ചേര്‍ത്തു നിര്‍ത്തിയെങ്കിലും, 2021ല്‍ സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ പാലക്കാട് എം.പിയുമായ എം.ബി രാജേഷിനോട് അടിയറവ് പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: തോല്‍വി അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
അരുവിക്കരയിലെ അടിതെറ്റൽ
30 വര്‍ഷം യു.ഡി.എഫിനെ കൈവിടാത്ത അരുവിക്കരയിലെ തോല്‍വിയാണ് കോണ്‍ഗ്രസ് ക്യാമ്പുകളെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചത്. നേരത്തെ ആര്യനാട് മണ്ഡലമായിരുന്ന ഇവിടെ 1991 മുതല്‍ തുടര്‍ച്ചയായി യു.ഡി.എഫ് വിജയിച്ചു വന്നിരുന്നു. മണ്ഡലത്തിലെ ശക്തമായ ജനസ്വാധീനവും സാമുദായിക പിന്തുണയും ജി. സ്റ്റീഫനെ തുണച്ചപ്പോള്‍ കഴിഞ്ഞ തവണ 70,910 വോട്ടു നേടിയ കെ.എസ് ശബരീനാഥന് 61,730 വോട്ടു മാത്രമേ നേടാനായുള്ളൂ. ഇടതു മുന്നണി സ്ഥാനാർഥി ജി. സ്റ്റീഫൻ 5,046 വോട്ടുകളുടെ ജയം സ്വന്തമാക്കി.
കൂടുതൽ വായനയ്‌ക്ക്: കോണ്‍ഗ്രസിന് കനത്ത തോല്‍വി, 94ല്‍ ലഭിച്ചത് 21 സീറ്റ് മാത്രം
വി.എസ് ശിവകുമാറിനെ കൈവിട്ട തീരദേശം
തിരുവനന്തപുരത്ത് സിറ്റിങ് എം.എല്‍.എ വി.എസ് ശിവകുമാറിനെ തീരദേശം പൂര്‍ണമായും ഇത്തവണ കൈവിട്ടു. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ തീരദേശ വാര്‍ഡുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ തനിയാവര്‍ത്തനമായി നിയമസഭാ തെരഞ്ഞെടുപ്പ് മാറി. 7,089 വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർഥി ആന്‍റണി രാജുവിന്‍റെ ജയം.
തിരിച്ചടികൾ നേരിട്ട് കോൺഗ്രസ്
2016ല്‍ കോണ്‍ഗ്രസ് വിജയിച്ച വട്ടിയൂര്‍കാവ്, കോന്നി മണ്ഡലങ്ങള്‍ 2019ലെ ഉപതെരഞ്ഞെടുപ്പില്‍ തന്നെ എല്‍.ഡി.എഫ് പിടിച്ചെടുത്തിരുന്നു. ആ വിജയം 2021ലും ഈ മണ്ഡലങ്ങളിലും ആവര്‍ത്തിച്ചു. അതേ സമയം ദീര്‍ഘകാലമായി കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്ന ചാലക്കുടി, കരുനാഗപ്പള്ളി, കുണ്ടറ എന്നീ സീറ്റുകള്‍ പിടിച്ചെടുത്ത് അട്ടിമറി സൃഷ്‌ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ യു.ഡി.എഫിന് നഷ്‌ടമായ കല്‍പ്പറ്റ, മൂവാറ്റുപുഴ മണ്ഡലങ്ങള്‍ തിരിച്ചു പിടിച്ചതും തിരിച്ചടികള്‍ക്കിടയില്‍ കോണ്‍ഗ്രസിന് ആശ്വാസമായി.