തിരുവനന്തപുരം : സംസ്ഥാന ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും കേരളത്തില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് കൊല്ലപ്പെട്ട സംഭവം അപലപനീയമാണ്.
കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ആര്‍എസ്‌എസ്-സിപിഎം പോര്‍വിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയിട്ടുണ്ട്. ഈ ചോരക്കളി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധനനില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കൊല്ലും കൊലയും അക്രമസംഭവങ്ങളും സര്‍വസാധാരണമായി. കൊലവിളി മുഴക്കി ഗുണ്ടാസംഘങ്ങള്‍ പൊലീസിനെ പോലും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ല. പൊലീസും ആഭ്യന്തര വകുപ്പും നിഷ്‌ക്രിയമാണെന്നും വ.ഡി.സതീശന്‍ പറഞ്ഞു.
Also Read: സി.പി.എം പ്രവര്‍ത്തകന്‍റെ കൊലപാതകം നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം : അപലപിച്ച് മുഖ്യമന്ത്രി
സിപിഎമ്മാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്. മുഖ്യമന്ത്രിക്ക് വകുപ്പില്‍ നിയന്ത്രണമില്ലെന്ന പ്രതിപക്ഷത്തിന്‍റെ വാദത്തിന് അടിവരയിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവമെന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറിക്കഴിഞ്ഞെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.