തിരുവനന്തപുരം: കേരള ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ ഡോ.എൻ നാരയണൻ നായർ (93) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിയമ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകിയ അദ്ദേഹം 1966ലാണ് തിരുവനന്തപുരത്ത് കേരള ലോ അക്കാദമി സ്ഥാപിച്ചത്. തുടർന്ന് 1969 മുതൽ 88 വരെ അക്കാദമി പ്രിൻസിപ്പലും ആയിരുന്നു.
കേരള സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് നാരായണൻ നായർ. ദീർഘ കാലം കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറും സെനറ്റ് മെമ്പറുമായിരുന്നു. കേന്ദ്ര നിയമ സർവ്വകലാശാലയുടെ വൈസ് ചാൻസിലറായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ നേതാവുമായിരുന്നു.
ഭാര്യ: പരേതയായ കെ. പൊന്നമ്മ. മക്കൾ : രാജ് നാരായണൻ, ഡോ. ലക്ഷമി നായർ (ഡയറക്ടർ, സിഎഎല്‍എസ്എആര്‍), അഡ്വ. നാഗരാജ് നാരായണൻ (സ്പെഷ്യല്‍. ജിപി ഫോറസ്റ്റ്) മരുമക്കൾ : സുധാമണി, അഡ്വ. നായർ അജയ് കൃഷ്ണൻ, അഡ്വ. കസ്തൂരി.
ഡോ. എൻ നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്‍റെ നിയമപഠന മേഖലയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ദ്ധനുമായിരുന്നു ഡോ.എൻ നാരായണൻ നായർ. അദ്ദേഹത്തിന്‍റെ വിയോഗം നിയമവിദ്യാഭ്യാസ രംഗത്തിന് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.