തിരുവനന്തപുരം: പുലയനാർക്കോട്ടയിൽ സിഐക്ക് ശബ്‌ദ സന്ദേശം അയച്ച ശേഷം മധ്യവയസ്‌ക മരിച്ച സംഭവത്തില്‍ ക്ഷേത്രം ഭാരവാഹി അറസ്റ്റിൽ. പുലയനാർക്കോട്ട ക്ഷേത്ര പ്രസിഡന്‍റ് അശോകനാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ 10:30ഓടെയാണ് ഇയാളെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഫെബ്രുവരി 11നാണ് കേസിനാസ്‌പദമായ സംഭവം. ആക്കുളം ശിവശക്തി നഗർ സ്വദേശി വിജയകുമാരിയാണ് (47) മരിച്ചത്. ഉള്ളൂർ പുലയനാർക്കോട്ടയിലെ ക്ഷേത്രം ഭാരവാഹികൾ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് വിജയകുമാരി സിഐയ്‌ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.
മരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പ് വിജയകുമാരിയും അശോകനും തമ്മില്‍ അതിര്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് അശോകൻ വിജയകുമാരിയുടെ വീടിന്‍റെ സർവേ കല്ല് പിഴുത് മാറ്റുകയും മണ്‍വെട്ടി കൊണ്ട് വിജയകുമാരിയെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് വിജയകുമാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലവില്‍ ഇയാള്‍ക്കെതിരെ ആത്മഹത്യ കുറ്റം ചുമത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.