തിരുവനന്തപുരം: മാധ്യമ പ്രവർത്തനം ലോൺ അടയ്ക്കാനുള്ള തൊഴിലല്ലെന്നും പ്രബുദ്ധരായ മാധ്യമ പ്രവർത്തകർ ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്നും പ്രശസ്‌ത ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് റാണാ അയ്യൂബ്. മലയാള മനോരമ മുൻ ലേഖകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സോമനാഥിന്‍റെ ഒന്നാം ചരമവാർഷിക ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.
സമൂഹ മാധ്യമങ്ങളെല്ലാം ഒരു പോലെ മാധ്യമ പ്രവർത്തനത്തിൽ പ്രധാനമാണെന്നും രാഷ്ട്രീയ നേതാക്കൾ വരെ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഭയക്കുമെന്നും റാണ അയ്യൂബ് പറഞ്ഞു. തന്‍റെ മാധ്യമ പ്രവർത്തന രീതികളും അനുഭവങ്ങളും പങ്കുവച്ച റാണ, സോമനാഥിനെ പോലെ ഒരു മാധ്യമ പ്രവർത്തകന്‍റെ അനുസ്‌മരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമാണെന്നും കൂട്ടിച്ചേർത്തു.
മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പൊളിറ്റിക്കൽ ജേര്‍ണലിസ്റ്റ് ആയിരുന്ന സോമനാഥനിലൂടെയായിരുന്നു പാർലമെന്‍റിനെ കുറിച്ച് അറിഞ്ഞതെന്നും മാധ്യമപ്രവർത്തകർക്കിടയിലെ അതുല്യ വ്യക്തിത്വമായിരുന്നു സോമനാഥെന്നും മന്ത്രി പറഞ്ഞു. ആദ്യമായി ഒരു മാധ്യമപ്രവർത്തകനും നിയമസഭ മീഡിയ റൂമിൽ യാത്രയയപ്പ് നൽകിയത് സോമനാഥിനായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.
ഇ. സോമനാഥ് ഫ്രറ്റേണിറ്റിയുടെ നേത്യത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പരിസ്ഥിതി റിപ്പോർട്ടർ കൂടിയായിരുന്ന ഇ. സോമനാഥിന്‍റെ സ്‌മരണാർഥം തുടങ്ങാൻ പോകുന്ന പദ്ധതികളും പ്രഖ്യാപിച്ചു.