തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിനുള്ള സഹായം കൈമാറാനെത്തിയ കോൺഗ്രസ് നേതാക്കളെ കാണാൻ തയ്യാറാകാതെ തിരുവനന്തപുരം ജില്ലാ കലക്‌ടർ കെ.ഗോപാലകൃഷ്‌ണൻ. പണം കൈമാറാൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു മണിക്കൂറോളം കലക്‌ടറുടെ ചേംബറിന് മുന്നിൽ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.
അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് ഡിസിസികൾ വഹിക്കണമെന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനലും കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാറും കലക്‌ടറേറ്റില്‍ എത്തിയത്. രണ്ട് മണിക്ക് കാണാൻ കലക്‌ടർ സമയം അനുവദിച്ചിരുന്നു. എന്നാൽ കാത്തിരുന്നതല്ലാതെ കലക്‌ടർ ഇവരെ അകത്തേക്ക് വിളിച്ചില്ല. തുടർന്ന് മൂന്ന് മണിയോടെ കലക്‌ടർ ചേംബറിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ കലക്‌ടറുടെ സമീപത്തേക്ക് പോയെങ്കിലും കൊവിഡ് അവലോകന യോഗമുണ്ടെന്നും അതിന് ശേഷം മാത്രമേ കാണാൻ കഴിയൂവെന്നും അറിയിച്ചു. കലക്‌ടറുടെ നടപടി പ്രതിഷേധാർഹമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എറണാകുളം, ആലപ്പുഴ ഡിസിസികളുടെ സഹായ വാഗ്‌ദാനവും ജില്ലാ കലക്‌ടർമാർ നിരസിച്ചിരുന്നു.