ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള ട്രെയിൻ ടിക്കറ്റിന് 46 ശതമാനം കിഴിവ്. പുതിയ പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഇതിലൂടെ എല്ലാ യാത്രക്കാർക്കും ഇന്ത്യൻ റെയിൽവേ പ്രതിവർഷം 56,993 കോടി രൂപയാണ് സബ്‌സിഡിയായി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ ട്രെയിൻ യാത്രക്കാർക്ക് നൽകിയിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ലോക്‌സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരു ടിക്കറ്റിന്‍റെ വില 100 രൂപയാണെങ്കിൽ, റെയിൽവേ ഈടാക്കുന്നത് വെറും 54 രൂപയാണ് അതായത് 46 ശതമാനമാണ് കിഴിവ് നൽകുന്നത്. എല്ലാ യാത്രക്കാർക്കും ഇന്ത്യൻ റെയിൽവേ പ്രതിവർഷം 56,993 കോടി രൂപ സബ്‌സിഡി നൽകുന്നുണ്ടെന്ന് ചോദ്യോത്തര വേളയിൽ അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റാപ്പിഡ് ട്രെയിൻ സർവീസിനെക്കുറിച്ചുള്ള (Rapid Train Service) മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഭുജിനും അഹമ്മദാബാദിനുമിടയിൽ നമോ ഭാരത് സര്‍വീസ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അതിന്‍റെ മികച്ച സേവനത്താൽ യാത്രക്കാരുടെ സംതൃപ്‌തി വളരെ ഉയർന്നതായും അദ്ദേഹം പറഞ്ഞു.
ഭുജിനും അഹമ്മദാബാദിനും ഇടയിലുള്ള 359 കിലോമീറ്റർ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് നിരവധി സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പുകൾ നൽകി നമോ ഭാരത് റാപ്പിഡ് റെയിൽ ഇൻ്റർസിറ്റി കണക്റ്റിവിറ്റി മെച്ചപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.