ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങള്‍ക്കും ലോക്കറുകള്‍ക്കും നാല് നോമിനികളെ ഒരേസമയം തന്നെ വയ്‌ക്കാൻ അവസരം നല്‍കുന്ന ബാങ്കിങ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. 1934ലെ ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് നിയമം എന്നിവയിലാണ് ഭേദഗതികള്‍ വരുത്തിയത്. നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ബാങ്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമൻ വ്യക്തമാക്കിയത്.
ഇതുവരെ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നോമിനിയായി ഒരാളെ മാത്രമാണ് ചേര്‍ക്കാൻ കഴിഞ്ഞിരുന്നത്. നോമിനികളുടെ എണ്ണം നാലായി ഉയര്‍ത്തുന്നതോടെ നിക്ഷേപം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ സാധിക്കും. നോമിനികളെ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ഇവരുടെ പങ്കാളിത്തം തീരുമാനിക്കാൻ കൂടി പുതിയ ഭേദഗതി അനുമതി നല്‍കും.
കൂടാതെ, അവകാശിയില്ലാത്ത ലാഭവിഹിതം, ഓഹരികള്‍, ബോണ്ട്, പലിശ എന്നിവ നിക്ഷേപകരുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റാനും ബില്‍ അനുമതി നല്‍കുന്നുണ്ട്. ഇതിലൂടെ വ്യക്തികള്‍ക്ക് ഫണ്ടില്‍ നിന്നും കൈമാറ്റങ്ങളോ റീഫണ്ടുകളോ ക്ലെയിം ചെയ്യാനും സാധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അവകാശികളില്ലാത്ത നിക്ഷേപത്തിന്മേല്‍ നിക്ഷേപകരുടെ താത്പര്യങ്ങള്‍ പരിരക്ഷിച്ചുകൊണ്ട് വ്യക്തികള്‍ക്ക് അവകാശവാദമുന്നയിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ബില്‍ ലഘൂകരിക്കും. ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ നിക്ഷേപ വിദ്യാഭ്യാസ സംരക്ഷണ നിധി ബോര്‍ഡിലേക്കാണ് മാറ്റുന്നത്. പുതിയ ബില്ലിലൂടെ തര്‍ക്കമുള്ളവര്‍ക്ക് അവകാശമുന്നയിച്ച് ബോര്‍ഡിനെ സമീപിക്കാനും സാധിക്കും.
സഹകരണ ബാങ്കുകളില്‍ ചെയര്‍മാൻ ഒഴികെയുള്ള ഡയറക്‌ടര്‍മാരുടെ കാലാവധി 10 വര്‍ഷമാക്കും. നിലവില്‍ എട്ട് വര്‍ഷമാണ് ഇവരുടെ കാലാവധി. ഒരുതവണ ഡയറക്‌ടറാകുന്ന വ്യക്തിക്ക് കേരളത്തിലും മറ്റും 5 വര്‍ഷമായിരുന്നു കാലാവധി. രണ്ട് തവണ ഡയറക്‌ടറാകുന്നയാള്‍ എട്ടാം വര്‍ഷത്തില്‍ സ്ഥാനമൊഴിയേണ്ട അവസ്ഥയുണ്ടായിരുന്നതും ഒഴിവാക്കപ്പെടും. കൂടാതെ, ബാങ്കുകളില്‍ നിക്ഷേപമുള്ള ഡയറക്‌ടര്‍മാരുടെ ലാഭവരുമാനം അഞ്ച് ലക്ഷത്തില്‍ നിന്നും രണ്ട് കോടിയായി ഉയര്‍ത്താനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.