ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട കളര്‍കോട് കാറപകടത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ ഇപ്പോഴും മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പുറത്തേക്ക് പരിക്കുകളില്ലെങ്കിലും ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി കൂടിയുണ്ട്.
തകര്‍ന്ന മനസുമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ പൊരുതുന്ന, അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി. നാടിനെ നടുക്കിയ കളര്‍കോട് ദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട ടവേര കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചയുടനേ തന്നെ രണ്ട് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
മറ്റ് മൂന്നുപേര്‍ ആശുപത്രിയിലും മരണത്തിന് കീഴടങ്ങി. അഞ്ച് മരണം സ്ഥിരീകരിച്ചപ്പോഴും അപകടത്തില്‍പ്പെട്ട് ടവേരയില്‍ എത്ര പേരുണ്ടായിരുന്നു എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. രണ്ടുപേര്‍ കൂടി ചികില്‍സയിലുണ്ടെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. കാറില്‍ പതിനൊന്നു പേരുണ്ടായിരുന്നുവെന്ന് ആലപ്പുഴ ഡിവൈഎസ്‌പി പറയുമ്പോഴാണ് മറ്റുള്ളവരെക്കുറിച്ച് ആളുകള്‍ തിരക്കിത്തുടങ്ങിയത്. അപ്പോഴും ആശുപത്രിയിലെത്തിയത് അഞ്ച് വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു.
അപകടം നടന്നയുടനെ തകര്‍ന്ന കാറില്‍ നിന്ന് പരിക്കൊന്നുമില്ലാതെ ഒരു വിദ്യാര്‍ഥി മാത്രം രക്ഷപ്പെട്ട് പുറത്തെത്തിയിരുന്നു. ഹോസ്റ്റലില്‍ നിന്ന് സിനിമ കാണാന്‍ പുറപ്പെട്ട പതിനൊന്ന് കൂട്ടുകാരില്‍ കാറിന്‍റെ വലത് ഭാഗത്തായി ഇരുന്നിരുന്ന വിദ്യാര്‍ഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം മരിയനാട് സ്വദേശിയായ ആ വിദ്യാര്‍ഥിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
ഒരു നിമിഷാര്‍ദ്ധത്തില്‍ കൂട്ടുകാരൊക്കെ തകര്‍ന്ന കാറിനകത്ത് ജീവനു വേണ്ടി പിടയുന്നത് കണ്ട ഈ വിദ്യാര്‍ഥിയാണ് അപകടത്തിന്‍റെ നേര്‍ ദൃക്‌സാക്ഷി. ദുരന്തസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ക്കൊപ്പം ഞൊടിയിടയില്‍ കൂട്ടുകാരെ രക്ഷിക്കാനുള്ള വ്യഗ്രതയിലായിരുന്നു അയാള്‍. ഒപ്പമിറങ്ങിയവര്‍ ചോരയില്‍ക്കുളിച്ചു കിടക്കുന്നതുകണ്ട് മനസ് നുറുങ്ങിയപ്പോഴും അവന്‍ കൂട്ടുകാരെ കോരിയെടുത്ത ആംബുലന്‍സില്‍ കയറ്റാന്‍ സഹായിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അപകട സ്ഥലത്ത് നിന്ന് കൂട്ടുകാരെയൊക്കെ ആംബുലന്‍സുകളിലേക്ക് മാറ്റിയ ശേഷവും അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന വിദ്യാര്‍ഥിയാണ് ഈ കുട്ടിയെന്ന് നാട്ടുകാര്‍ക്കും മനസിലായിരുന്നില്ല. രക്ഷാപ്രവര്‍ത്തനമൊക്കെക്കഴിഞ്ഞാണ് നുറുങ്ങിയ മനസുമായി ഈ വിദ്യാര്‍ഥി ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയത്. ആരോടും ഒന്നും മിണ്ടാന്‍ പോലും പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു അവന്‍.
കാറില്‍ നിന്ന് പുറത്തെടുത്ത വിദ്യാര്‍ഥി പറഞ്ഞ പേരുകളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കാറിലുണ്ടായിരുന്ന വിദ്യാര്‍ഥികളാരൊക്കെയെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴാണ് പതിനൊന്നാമനെ കാണാനില്ലെന്ന് കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ഏറെ നേരം പതിനൊന്നാമനെത്തിരഞ്ഞു.
ഒടുവില്‍ ഹോസ്റ്റല്‍ മുറിയില്‍ ഈ വിദ്യാര്‍ഥിയെ കണ്ടെത്തുകയായിരുന്നു. ഹൃദയ ഭേദകമായ കാഴ്‌ചകള്‍ സ്വന്തം കണ്‍മുന്നില്‍ക്കണ്ട് മാനസികമായിത്തകര്‍ന്ന ഈ വിദ്യാര്‍ഥിയെ ഉടനെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് ആശുപത്രിയിലേക്കെത്തിച്ചു. താന്‍ ദൃക്‌സാക്ഷിയാകേണ്ടി വന്ന ദുരന്തമേല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്ന് മോചനം നേടാന്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ മേല്‍നോട്ടത്തില്‍ ചികില്‍സയിലാണിപ്പോള്‍ ഈ വിദ്യാര്‍ഥി.
അതേസമയം, അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ ജീവന്‍ നഷ്‌ടമായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരു വിദ്യാര്‍ഥിയുടെ നില അതീവഗുരുതരമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ആലപ്പുഴ എടത്വ സ്വദേശി ആൽവിൻ ജോർജിന്‍റെ ആരോഗ്യ സ്ഥിതിയാണ് ആശങ്കാജനകമായി തുടരുന്നത്. തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര ക്ഷതമേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. ആലപ്പുഴ മെഡിക്കല്‍ക്കോളേജില്‍ തന്നെ ഈ വിദ്യാര്‍ഥിക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു.