തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇന്ന് (16.10.2022) ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച നടക്കുക. എയിംസ് ആശുപത്രിയുടെ പ്രപ്പോസലില്‍ കാസര്‍കോടിന്‍റെ പേര് ചേര്‍ക്കുക, മെച്ചപ്പെട്ട ആശുപത്രി സൗകര്യം ഒരുക്കുക, പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംരക്ഷണ കേന്ദ്രം തുറക്കുക, 2019ലെ തീരുമാനം അനുസരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദയാബായി കഴിഞ്ഞ 15 ദിവസമായി സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്.
Also read: ദയാഭായിയുടെ സമരത്തോടുള്ള സര്‍ക്കാര്‍ നയം തിരുത്താന്‍ രംഗത്തിറങ്ങും: കെ സുധാകരന്‍
ഇന്നലെ (15.10.2022) ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ് ദയാബായി. നേരത്തെ രണ്ട് വട്ടം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിരികെ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം തുടരുകയാണ് ചെയ്‌തത്.
പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ വൈകിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ദയാബായിയെപ്പോലെ ഒരാള്‍ 15 ദിവസമായി നിരാഹാര സമരം നടത്തിയിട്ടും ഭരണകൂടത്തിന്‍റെ ഇടപെടല്‍ ഉണ്ടാകാതിരുന്നതാണ് വിമര്‍ശനത്തിന് കാരണമായത്.