തിരുവനന്തപുരം: നെയ്യാറില്‍ ദളിത് യുവാവിന് വെട്ടേറ്റു. നെയ്യാർ ഡാമിന് സമീപത്തെ നിരപ്പുക്കാല അനൂപ് വി.എസ്.കുമാറിനാണ് നാലംഗ സംഘത്തിന്‍റെ വെട്ടേറ്റത്. ശനിയാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാർ മൂന്നാം ചെറുപ്പണയ്ക്ക് സമീപം വെച്ചായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അനൂപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി തിരികെ വരുമ്പോൾ സംഘം ചേർന്നായിരുന്നു ആക്രമണം. വെട്ടേറ്റ ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം മീൻ പിടിക്കാനെത്തിയ ചിലർ നെയ്യാർ ജലാശയത്തിൽ കോഴി മാലിന്യം നിക്ഷേപിച്ചിരുന്നു. കുടിവെള്ള സ്രോതസ് കൂടിയായ സ്ഥലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ അനൂപ് ഉൾപ്പെടെയുള്ള നാട്ടുകാർ ചോദ്യം ചെയ്‌തിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ നടപടി സ്വീകരിക്കുമെന്ന് നെയ്യാർ ഡാം പൊലീസ് പറഞ്ഞു.