തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമായി. 11 ജില്ലകളില്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഗുലാബ് ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ കരതൊട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 41 മുതല്‍ 61 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
കേരള ലക്ഷദ്വീപ് തീരങ്ങളിൽ അതിശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ രണ്ട് ദിവസം കൂടി മഴ തുടരാനാണ് സാധ്യത.
കൂടുതല്‍ വായനക്ക്: ദാല്‍ തടാകത്തിന് മുകളില്‍ അഭ്യാസ പ്രകടനങ്ങളുമായി വായുസേന
നാളെയോടെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേത്തില്‍ വരെ കാറ്റ് വീശാനാണ് സാധ്യത.
അതിനിടെ വടക്കന്‍ ആന്ധ്രയിലും ഒഡിഷയുടെ തെക്കന്‍ മേഖലകളിലും കനത്ത മഴ തുടരുകയാണ്. ഒഡിഷയിലെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആന്ധ്രപ്രദേശ് ഒഡിഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 28 ട്രെയിനുകള്‍ റദ്ദാക്കി.