തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പിന് പിന്നിൽ കൂടുതലും വിദേശികൾ. ഇതിൽ ഭൂരിഭാഗം പേരും നൈജീരിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 45 കേസുകളിൽ അറസ്റ്റിലായവരിൽ വിദേശികളാണ് കൂടുതലും.
ഇതിൽ 16 കേസുകളിൽ നൈജീരിയൻ വംശജരും 9 കേസുകളിൽ സുഡാനിൽ നിന്നുള്ളവരുമാണ് പ്രതികൾ. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. തദ്ദേശീയരുമായി ചേർന്നു പ്രവർത്തിച്ച് പണം കവരുന്നരുമുണ്ട്. ബിഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോബിയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നുണ്ട്.
ഇത്തരക്കാരെ പിടികൂടുന്ന രീതിയും ഓൺലൈൻ കവർച്ച തടയാനുള്ള മാർഗങ്ങളും വിശദീകരിക്കുകയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്‌ടർ പി.ബി വിനോദ് കുമാറും സബ് ഇൻസ്പെക്‌ടർ കെ.എൻ ബിജുലാലും.
ഡിജിപിയുടെ പേരിൽ തട്ടിപ്പ്
കൊല്ലം സ്വദേശിനിയായ അധ്യാപികക്കാണ് ഓൺലൈനായി ലോട്ടറിയടിച്ചെന്നും തുകയുടെ നികുതിയായ 14 ലക്ഷം രൂപ അടയ്ക്കണമെന്നും ഡിജിപിയുടെ പേരിൽ വ്യാജ സന്ദേശം ലഭിച്ചത്. ഡിജിപി യുടെ പരാതിയിൽ ധ്രുതഗതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ പ്രതി റൊമനസ് ചീ ബൂച്ചിയെ ഡൽഹിയിലെത്തി ഉത്തംനഗറിൽ നിന്നും പിടികൂടുകയും ചെയ്‌തു. നൈജീരിയൻ സ്വദേശിയായ പ്രതിയെ ആഫ്രിക്കൻ വംശജർ തിങ്ങി പാർക്കുന്നിടത്തു നിന്ന് കസ്റ്റഡിയിലെടുക്കുക ശ്രമകരമായിരുന്നെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഇൻസ്പെക്‌ടർ പി.ബി വിനോദ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
തദ്ദേശീയരെ വിവാഹം ചെയ്‌ത് രാജ്യത്ത് നിന്ന് തട്ടിപ്പ്
നൈജീരിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ സ്റ്റുഡന്‍റ് വിസയിലും ബിസിനസ് വിസയിലുമാണ് ഇന്ത്യയിൽ എത്തുന്നത്. വിസ കാലാവധി പൂർത്തിയായിട്ടും സ്വദേശീയരുമായി നിയമപരമായി വിവാഹം കഴിച്ചതിന് ശേഷം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങും. തുടർന്നാണ് തട്ടിപ്പുകൾ നടത്തുന്നത്.
ഓൺലൈൻ ലോട്ടറി, ഹണി ട്രാപ്പ്, സ്വകാര്യ വിവരങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തുക എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. എന്നാൽ നിലവിൽ മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് പണം കവർച്ച വ്യാപകമായിട്ടുണ്ട്. ബാങ്ക് അവധി ദിവസങ്ങളിലും അതിന് തലേ ദിവസവുമാണ് ഇത്തരക്കാർ പലപ്പോഴും ഫോൺ വിളിക്കുന്നത്. ഇവരെ പിടികൂടുന്നത് പലപ്പോഴും ജീവന് വരെ ഭീഷണിയാകുന്നുണ്ടെന്നും ഇത്തരം കേസുകളിൽ വിദഗ്‌ധ പരിശീലനം നേടിയ സബ് ഇൻസ്പെക്‌ടർ ബിജുലാൽ കെ.എൻ പറഞ്ഞു.
കൃത്യമായ ഇടവേളകളിൽ സൈബർ സെല്ലിൻ്റെയും മൊബൈൽ കമ്പനികളുടേയും അറിയിപ്പുകൾ പാലിക്കുകയും ആവശ്യഘട്ടങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കുകയും ചെയ്‌താൽ ഓൺലൈൻ തട്ടിപ്പ് തടയാൻ കഴിയും. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരകളാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിക്കുന്നു.