തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ലാറ്റിൽ ഇന്നും കസ്റ്റംസ് പരിശോധന നടത്തി. മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കർ താമസിച്ചിരുന്ന ഹെതർ ഫ്ലാറ്റിൽ സ്വർണക്കടത്തു കേസിലെ പ്രതികളായ സരിത്തും സ്വപ്ന സുരേഷും സന്ദീപ് നായരും ഗൂഢാലോചന നടത്തിയെന്ന വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.
ഇന്നലെ ശിവശങ്കറിനെ കസ്റ്റംസ് സംഘം ഒൻപതു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്‍റെ നിർദേശപ്രകാരം സ്വപ്നയുടെ ഭർത്താവ് ജയശങ്കറിന്‍റെ പേരിൽ ഫ്ലാറ്റിൽ മുറി വാടകയ്ക്കെടുത്തു നൽകിയെന്ന് ഐ.ടി വകുപ്പ് ജീവനക്കാരൻ അരുൺ ബാലചന്ദ്രൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മൂന്നു മണിക്കൂറോളം നീണ്ട ഇന്നത്തെ പരിശോധന. സ്വപ്ന ജോലി ചെയ്തിരുന്ന കെ.എസ്.ഐ.ടി.ഐ.എല്ലിൽ (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇഫ്രാസ്ട്രക്ച്ര്‍ ലിമിറ്റഡ്) എൻ.ഐ.എ സംഘവും ഇന്ന് പരിശോധന നടത്തി.