തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്‌ക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിസമ്മതത്തെ തുടര്‍ന്ന് റദ്ദായ 11 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ല് ഓഗസ്റ്റ് 22ന് അരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. സര്‍വകലാശാല വി.സി മാരെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ ഘടനയില്‍ ഗണ്യമായ മാറ്റമുണ്ടാകും.
ഇനി മുതല്‍ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണര്‍ നിയമിക്കുന്ന പ്രതിനിധി ഉണ്ടാകില്ല. കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം നിലവിലെ മൂന്നില്‍ നിന്ന് അഞ്ച് ആകും. ഗവര്‍ണറുടെ നോമിനി, യു.ജി.സി പ്രതിനിധി, സര്‍വകലാശാല പ്രതിനിധി എന്നതാണ് വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സമിതിയുടെ ഘടന.
പുതിയ ബില്ല് പ്രകാരം ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിയമിക്കും. ഇതിന് പുറമേ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനേയും സമിതിയില്‍ ഉള്‍പ്പെടുത്തും. പലപ്പോഴും ഗവര്‍ണറുടെ പ്രതിനിധിയുടെ എതിര്‍പ്പ് കാരണം സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലറാക്കാന്‍ ബുദ്ധിമുട്ടുന്ന പ്രത്യേക സാഹചര്യമാണ്.
ആരിഫ് മുഹമ്മദ് ഖാൻ ഗവര്‍ണറായ ശേഷം പല ഘട്ടങ്ങളിലും ഇത് സംബന്ധിച്ച് സർക്കാരും ഗവര്‍ണറും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന സാഹചര്യമുണ്ടായി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തന്നെയാണ് വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതും. പുതിയ ബില്ല് നിയമമാകുന്നതോടെ യു.ജി.സി പ്രതിനിധിയൊഴികെയുള്ള എല്ലാ അംഗങ്ങളും സര്‍ക്കാരിനെ അനുകൂലിക്കുന്നവരാകും.
ഇതോടെ സര്‍ക്കാരിന് വി.സി നിയമനം എളുപ്പമാകും. കേരള സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി നിയമനവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് തിരക്കിട്ട് സര്‍ക്കാര്‍ ഇത്തരമൊരു ബില്ലിലേക്ക് കടന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ലാതെ കണ്ണൂര്‍ സര്‍വകലാശാല അസിസ്‌റ്റന്‍റ് തസ്‌തികയിലേക്ക് നിയമനം നല്‍കാന്‍ വി.സി എടുത്ത തീരുമാനത്തിനെതിരെ ഗവര്‍ണര്‍ നടപടിയെടുക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.