തിരുവനന്തപുരം : പൊതു ജനങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപന്നികളെ വെടി വയ്ക്കാന്‍ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാരെ ചുമതലപ്പെടുത്തി 2022 മെയ് 28ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത ഇന്നത്തെ മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അധ്യക്ഷന്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ ഭരണ തലവന്‍മാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന പദവി ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.
അതേസമയം വിഷ പ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ചോ കാട്ടു പന്നികളെ കൊല്ലുന്നതിന് കര്‍ശന വിലക്കുണ്ട്. ഇത് സംബന്ധിച്ച് കര്‍ശന വ്യവസ്ഥകള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഉത്തരവിലുണ്ട്.
നിബന്ധനകള്‍ ഇവയാണ്:
- അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവയ്ക്കാന്‍ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് ഉത്തരവിടാം.
- തോക്ക് ലൈസന്‍സുള്ള ഒരാളെ ഇതിനായി ചുമതലപ്പെടുത്തുകയോ പൊലീസിനെ വിളിക്കുകയോ ആകാം.
- വെടി വയ്ക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണം.
- കാട്ടുപന്നികളെ കൊല്ലുന്ന സമയത്ത് മനുഷ്യ ജീവനും സ്വത്തിനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഇതര വന്യ മൃഗങ്ങള്‍ക്കും ജീവഹാനിയുണ്ടാകില്ലെന്ന് ഉറപ്പു വരുത്തണം.
- കൊന്ന ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തണം.
- കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്‌ത്രീയമായി സംസ്‌കരിക്കണം
നേരത്തെ ജന ജീവിതത്തിന് ഭീഷണിയാകുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നല്‍കാന്‍ തയ്യാറായില്ല. പകരം അപകടകാരികളായ പന്നികളെ തുരത്താനോ ആവശ്യമെങ്കില്‍ ഇല്ലാതാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉപയോഗിക്കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.
ആക്രമണം തുടർന്ന് കാട്ടുപന്നികൾ : വെടിവയ്‌ക്കാനുള്ള നിർദേശം നൽകിയെങ്കിലും കാട്ടുപന്നികളുടെ ആക്രമണത്തിന് കേരളത്തിൽ ശമനമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ മെയ് 28ന് തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടിരുന്നു. തളി വിരുട്ടാണം സ്വദേശി പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവ് (61) ആണ് മരിച്ചത്.
വീട്ടുപറമ്പിൽ നാളികേരം പെറുക്കി കൂട്ടുന്നതിനിടയിൽ കാട്ടുപന്നി രാജീവിന്‍റെ നെഞ്ചിലിടിക്കുകയായിരുന്നു. നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തുകയും ചെയ്‌തു. ഇതിന് ശേഷം പന്നി ഓടി മറഞ്ഞു. നിലവിളി കേട്ട് ഓടി വന്ന വീട്ടുകാർ രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെയും ആക്രമണം : ഫെബ്രുവരിയിൽ മലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെയും കാട്ടുപന്നി ആക്രമണം ഉണ്ടായിരുന്നു. അമരമ്പലത്ത് രാവിലെ തൊഴിലുറപ്പ് ജോലിക്കിടെ ലഘുഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ പെട്ടന്ന് പാഞ്ഞടുത്ത കാട്ടുപന്നി തൊഴിലാളികളായ രണ്ട് പേരെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. ചുള്ളിയോട് പന്നികുളം സ്വദേശിനികളായ സുമിത, അജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്.