തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇഡി അന്വേഷണം നേരിടുന്ന സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മരാജ് റസാലത്തിന്‍റെ വിദേശയാത്ര തടഞ്ഞു. ഇഡി നിര്‍ദേശം അവഗണിച്ച് യുകെയിലേക്ക് പോകാന്‍ ശ്രമിച്ച ബിഷപ്പിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെത്തി ബിഷപ്പിനെ ചോദ്യം ചെയ്‌തു.
നാളെ ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാന്‍ ബിഷപ്പിന് നോട്ടിസും നല്‍കിയിട്ടുണ്ട്. സിഎസ്‌ഐയുടെ ഉടമസ്ഥയിലുള്ള കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇതേ സഭയുടെ നാല് സ്ഥലങ്ങളില്‍ ഇഡി സംഘമെത്തി പരിശോധന നടത്തിയിരുന്നു.
ബിഷപ്പിന്‍റെ ആസ്ഥാനമായ പാളയം എല്‍എംഎസിലും, കാരക്കോണം മെഡിക്കല്‍ കോളജിലും കോളജ് ഡയറക്‌ടറായ ബെന്നറ്റ് എബ്രഹാമിന്‍റെ വീട്ടിലും സിഎസ്‌ഐ സഭ സെക്രട്ടറി പ്രവീണിന്‍റെ വീട്ടിലുമാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.
യുകെയിലേക്കുളള യാത്ര നേരത്തേ നിശ്ചയിച്ചതാണെന്ന് അറിയിച്ചെങ്കിലും ഇഡി ഇതിന് അനുമതി നല്‍കിയില്ല. ഇത് അവഗണിച്ചാണ് ബിഷപ്പ് യാത്രയ്ക്ക് ശ്രമിച്ചത്. സഭ സെക്രട്ടറി പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.