തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രക്ഷോഭത്തിന് ദേശീയതലത്തിൽ ഐക്യമുന്നണി രൂപീകരിക്കണമെന്ന പോളിറ്റ് ബ്യൂറോ റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചു. പൗരത്വഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ കേരളത്തിൽ കോൺഗ്രസ് ഇടഞ്ഞു നിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലീഗ് അടക്കമുള്ള യു.ഡി.എഫ് ഘടകകക്ഷികളെ സമര പരിപാടികളിൽ സഹകരിപ്പിക്കുന്നതിനുള്ള സാധ്യതയും സിപിഎം കേന്ദ്ര കമ്മിറ്റി പരിശോധിക്കും. സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാടും കേന്ദ്ര കമ്മിറ്റിയില്‍ ചർച്ചയാകും.
വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേന്ദ്രത്തിനെതിരായ സമരപരിപാടികളുടെ ആസൂത്രണമായിരുന്നു മുഖ്യ അജണ്ട. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ് ബ്യൂറോ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ തീവ്രവർഗീയ- ജനവിരുദ്ധ നടപടികൾക്കെതിരെ യോജിച്ച സമരപരിപാടികൾക്ക് രൂപം നൽകണമെന്നാണ് റിപ്പോർട്ട് പറയുന്നത്. പൊതുപണിമുടക്ക് ഉൾപ്പെടെ ഇതുവരെ നടന്ന യോജിച്ച സമര പരിപാടികളെ രാഷ്ട്രീയ മുന്നേറ്റമാക്കാനാണ് സി.പി.എം നീക്കം.
ശബരിമല യുവതീ പ്രവേശം, യുഎപിഎ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ പാർട്ടി നിലപാടുകളുമായുള്ള വൈരുധ്യം യോഗത്തില്‍ വിമർശനത്തിന് വിധേയമാകും. ഈ മാസം 19 ന് പൊതു സമ്മേളനത്തോടെയാണ് കേന്ദ്ര കമ്മിറ്റി സമാപിക്കുന്നത്.